ഫാ. ഗ്രിഗറി ഓണംകുളം അനുസ്മരണവും ജീവകാരുണ്യ പദ്ധതി ഉദ്ഘാടനവും നാളെ
1596341
Thursday, October 2, 2025 11:55 PM IST
ചന്പക്കുളം: ദീപികയുടെ മുൻ ഡയറക്ടർ ബോർഡ് അംഗം, ചങ്ങനാശേരി അതിരൂപത കളർ എ ഹോം, കളർ എ ഡ്രീം തുടങ്ങിയ അഭിമാന പദ്ധതികളുടെ അമരക്കാരൻ, ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്ക റെക്ടർ മുതലായ തലങ്ങളിൽ നേതൃത്വം നൽകി വരവെ കഴിഞ്ഞ ഒക്ടോബർ മൂന്നിന് വിടവാങ്ങിയ ഫാ. ഗ്രിഗറി ഓണംകുളത്തിന്റെ ഒന്നാം ചരമവാർഷികാചരണവും ഫാ. ഗ്രിഗറി ഓണംകുളം സ്മാരക ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും നാളെ അതിരമ്പുഴയിൽ നടക്കും.
അതിരന്പുഴ ഓണംകുളം കുടുംബത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിലാണ് പരിപാടി. രാവിലെ 11ന് മാർ ജോസഫ് പെരുന്തോട്ടം അനുസ്മരണ ദിവ്യബലി അർപ്പിക്കും. ഗ്രിഗറി ഓണംകുളം സ്മാരക ജീവകാരുണ്യ പദ്ധതി ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.
ചാസ്, ജീവകാരുണ്യനിധി, കളർ എ ഡ്രീം, കളർ എ ഹോം, ഡിസിഎംഎസ് തുടങ്ങിയ പ്രസ്ഥാനങ്ങൾക്കു നിറവും സ്വപ്നവും നൽകിയ വ്യക്തിയായിരുന്നു ഫാ. ഒാണംകുളം. കല്ലൂർക്കാട് ബസിലിക്കയുടെ റെക്ടർ സ്ഥാനം വഹിക്കുമ്പോഴും ജീവകാരുണ്യനിധി, കളർ എ ഹോം അടക്കം നിരവധി ഉത്തരവാദിത്വങ്ങൾ അദ്ദേഹം നിർവഹിച്ചു.
14 വർഷം ചാസ് പ്രസ്ഥാനത്തെ ഉയരങ്ങളിലേക്കു നയിച്ചു. ചങ്ങനാശേരിക്കു സമീപം പറാൽ എന്ന പ്രദേശത്തിന്റെ വികസനത്തിന് അടിത്തറ പാകി. കളർ എ ഹോം പദ്ധതിയിലൂടെ ആയിരക്കണക്കിനു വീടുകളുടെ നിർമാണമാണ് കഴിഞ്ഞവർഷങ്ങളിൽ പൂർത്തികരിച്ചത്. നൂറുകണക്കിന് കുട്ടികളുടെ ഉന്നതപഠനം എന്ന സ്വപ്നം യാഥാർഥ്യമാക്കി. ഈ ഒാർമ നിലനിർത്താനാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠന സഹായത്തിന് ഫാ. ഗ്രിഗറി ഓണംകുളം സ്മാരക പദ്ധതി ഓണംകുളം കുടുംബാംഗങ്ങൾ രൂപവത്കരിച്ചിരിക്കുന്നത്.