ചെങ്ങന്നൂര്‍ നഗരസഭയില്‍ വീണ്ടും കൂട്ടസ്ഥലമാറ്റം: പ്രതിഷേധാര്‍ഹമെന്ന് യുഡിഎഫ്
1596078
Wednesday, October 1, 2025 12:02 AM IST
ചെങ്ങന്നൂര്‍: നഗരസഭയില്‍ വീണ്ടും കൂട്ട സ്ഥലമാറ്റം. ഒന്നരവര്‍ഷത്തിനുള്ളില്‍ വന്ന നാലുപേരടക്കം അഞ്ചുപേര്‍ക്കാണ് സ്ഥലംമാറ്റം. തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതലയുള്ള ജീവനക്കാരനടക്കം സ്ഥലംമാറി പോകുന്നതിലുണ്ട്. യാതൊരു മാനദണ്ഡവുമില്ലാതെ തുടര്‍ച്ചയായുള്ള സ്ഥലംമാറ്റം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. ഷിബുരാജന്‍ സെക്രട്ടറി റിജോ ജോണ്‍ ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
സ്ഥിരമായ സ്ഥലമാറ്റത്തിനിടയിലും ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിന്തള്ളി 89.5 ശതമാനം പദ്ധതി വിഹിതം ചെലവഴിക്കാനായത് ഭരണസമിതിയുടെ മികവാണ്. നഗരസഭാ സെക്രട്ടറിയെ സ്ഥലംമാറ്റുമ്പോള്‍ ആറു മാസത്തിലധികം ചുമതലക്കാരനായ ഉദ്യോഗസ്ഥനെ തുടരാന്‍ അനുവദിക്കുന്നത് താത്കാലിക ചുമതലയായി കാണാന്‍ കഴിയില്ല. മാസ്റ്റര്‍പ്ലാന്‍ പുനപ്രസിദ്ധീകരിക്കുന്നതിനു കാലതാമസം വരുത്തുന്നതിലും ദുരൂഹതയുണ്ട്.
സമാനരീതിയില്‍ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭകളില്‍ അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ ഉടന്‍ പുനപ്രസിദ്ധീകരണം നടത്തുകയും ചെങ്ങന്നൂര്‍ നഗരസഭയില്‍ മാത്രം ആറുമാസങ്ങളിലേറെ വൈകിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനുള്ള ഇടതുപക്ഷത്തിന്റെ തന്ത്രമാണ്. ഇടതുഭരണത്തിന്റെ പിന്‍ബലത്തില്‍ എന്തു ചെയ്താലും യുഡിഎഫ് നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം മികച്ച ഭരണം കാഴ്ചവയ്ക്കാനായിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.