വള്ളം മറിഞ്ഞു; ഒരു കുടുംബത്തിലെ ആറു പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു
1595789
Monday, September 29, 2025 11:40 PM IST
എടത്വ: പാണ്ടി പുത്തനാറ്റിൽ വള്ളം മറിഞ്ഞു. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറു പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറുതന പഴേമഠത്തിൽ ബിനു, ഭാര്യ ജാൻസി ജോർജ്, മക്കളായ ബെൻ (13) , ബിയ (8) ബിയാൻ (5) , ബിനിൽ (2) എന്നിവർ സഞ്ചരിച്ചിരുന്ന വള്ളമാണ് മറിഞ്ഞത്.
ഇന്നലെ രാവിലെ എട്ടു മണിയോടെ ചെറുതന പോച്ച പമ്പാ നദിയിലായിരുന്നു അപകടം. എടത്വ ജോർജിയൻ പബ്ലിക് സ്കൂളിൽ പഠിക്കുന്ന കുട്ടികളുമായി വള്ളം നദിയുടെ മധ്യഭാഗത്ത് എത്തിയപ്പോൾ വള്ളം മറിയുകയുവായിരുന്നു. മഴ ഉണ്ടായിരുന്നതിനാൽ കുട്ടികൾ വള്ളത്തിൽ കുടനിവർത്തിയിരുന്നു. കുടയിൽ കാറ്റുപിടിച്ചാണ് വള്ളം മറിഞ്ഞത്. ബിനുവും ഭാര്യ ജാൻസിയും അപകടം കണ്ട് ഓടിക്കൂടിയവരും ചേർന്ന് കുട്ടികളെ കരയ്ക്കെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നടത്തി.
കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങൾ തമ്മിൽ വേർതിരിക്കുന്ന പാണ്ടി പുത്തനാറിനു കുറുകെ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ഇരുകരയിലുമുള്ളവർ നൽകിയിരുന്നു. തകഴി പാലം നിർമാണത്തിനു ശേഷം ജങ്കാർ പാണ്ടിയിൽ എത്തിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും അതും നടന്നില്ല.