ഫേസ്ബുക്കിലൂടെ ചീത്ത വിളിച്ചാലൊന്നും താൻ നാവടക്കില്ലെന്ന് ജി. സുധാകരൻ
1596071
Wednesday, October 1, 2025 12:02 AM IST
അമ്പലപ്പുഴ: സാമൂഹ്യവിരുദ്ധരെയും മദ്യപാനികളെയും അഴിച്ചുവിട്ട് ഫേസ് ബുക്കിലൂടെ ചീത്ത വിളിച്ചാലൊന്നും താൻ നാവടക്കില്ലെന്ന് ജി. സുധാകരൻ. അമ്പലപ്പുഴ ടൗൺ ഹാളിൽ ദേവദത്ത് ജി. പുറക്കാട് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സുധാകരൻ. ഒരു ലോക്കൽ കമ്മിറ്റിയംഗം ഫേസ് ബുക്കിലൂടെ തന്റെ അച്ഛന് വിളിച്ചിട്ട് പാർട്ടി ഒരു നടപടിയുമെടുത്തില്ല.
ഇയാൾ യുവജന പ്രസ്ഥാനത്തിന്റെ റാലിയിൽ കൊടിയും പിടിച്ച് പങ്കെടുത്തു. ഇവരോടൊക്കെ ഇങ്ങനെ ചെയ്യരുതെന്ന് പറയാൻ ധൈര്യമുള്ള ആളുകൾ കുറഞ്ഞു. ക്ഷേത്ര ജീവനക്കാരനായ ഇയാളെ സസ്പെൻഡ് ചെയ്തില്ല. പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചയാളെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്.
എന്നാൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിട്ടാണ് ഇയാളെ പറഞ്ഞുവിടാതിരുന്നത്. ആരോ പറഞ്ഞത് കേട്ടിട്ടാണ് തന്നെ ചീത്തവിളിച്ചത്. അഴിമതിക്കെതിരേ പറഞ്ഞാൽ തന്തയ്ക്ക് വിളിക്കും. നേരിട്ട് പറയാൻ കഴിയാത്തതുകൊണ്ട് ഫേസ് ബുക്കിലൂടെ എഴുതും. ഇതു കേട്ട് താൻ നാവടക്കില്ലെന്നും സുധാകരൻ പറഞ്ഞു.