കായംകുളം മാർക്കറ്റ് പാലം പുനർനിർമിക്കാൻ സാങ്കേതികാനുമതി
1595798
Monday, September 29, 2025 11:40 PM IST
കായംകുളം: കാലപ്പഴക്കമുള്ള കായംകുളം മാർക്കറ്റ് പാലം വീതിയോടെ പുനർനിർമിക്കാൻ സാങ്കേതികാനുമതി ലഭിച്ചതായി അഡ്വ. യു. പ്രതിഭ എംഎൽഎ അറിയിച്ചു. 6,45,50,000 രൂപയുടെ സാങ്കേതികാനുമതിയാണ് ലഭിച്ചിട്ടുള്ളത്. കരിപ്പുഴ തോടിന് കുറുകെ ഒരു സ്പാനോട് കൂടി 20 മീറ്റർ നീളവും ഇരു വശങ്ങളിലും നടപ്പാതയോടും കൂടി 11 മീറ്റർ വീതിയിലാണ് പാലം പുനർനിർമിക്കുന്നത്.
പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിർമാണത്തിനായി അഞ്ച് ആർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ പ്രവൃത്തി ടെൻഡർ ചെയ്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് നിർദേശം നൽകിയതായും എംഎൽഎ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമാണചുമതല.