സമ്മതപത്രം വാങ്ങാതെ വീട്ടമ്മയുടെ വിരൽ മുറിച്ചെന്നു ബന്ധുക്കൾ
1596339
Thursday, October 2, 2025 11:55 PM IST
അന്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്.
ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചു മാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്.
തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു. എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.