സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ വീട്ടിൽനിന്നും ഇറക്കിവിട്ടതായി പരാതി
1596070
Wednesday, October 1, 2025 12:02 AM IST
അന്പലപ്പുഴ: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവും സഹോദരിയും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും വീട്ടില്‍നിന്നും ഇറക്കിവിട്ടതായും പരാതി. ആലപ്പുഴ സ്വദേശിനി അമ്പലപ്പുഴ പോലീസിന് നല്കിയ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് പുറക്കാട് കരൂര്‍ മഠത്തില്‍പറമ്പില്‍ മിഥുന്, സഹോദരി മൃദുല, സഹോദരി ഭര്‍ത്താവ് അജി എന്നിവര്‍ക്കെതിരേ കേസെടുത്തു.
വിദേശത്തായിരുന്ന മിഥുന് കഴിഞ്ഞിടെയാണ് അവധിയില്‍ നാട്ടിലെത്തിയത്. പത്രപരസ്യം നല്‍കിയാണ് വിവാഹാലോചനകള്‍ ക്ഷണിച്ചത്. ദരിദ്ര കുടുംബത്തിലെ അംഗമായ യുവതിക്ക് സ്ത്രീധനമായോ മറ്റ് പാരിതോഷികങ്ങളോ നല്‍കാനാകില്ലെന്ന് വിവാഹം നിശ്ചയിക്കുന്നതിന് മുമ്പായി മിഥുനോടും ബന്ധുക്കളോടും യുവതിയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നതാണ്. അതിന്റെ ഉറപ്പിലാണ് വിവാഹം നിശ്ചയിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 31 നായിരുന്നു ആലപ്പുഴ സ്വദേശിയായ യുവതിയെ മിഥുന് സമുദായ ആചാരപ്രകാരം വിവാഹം കഴിച്ചത്. നിയമപരമായി അടുത്ത ആറിന് രജിസ്റ്റര്‍ ചെയ്യാനിരിക്കുകയായിരുന്നു. ഇതിനു തയാറാകാതെ യുവതിയേയും വീട്ടുകാരെയും കബളിപ്പിക്കുകയായിരുന്നു. കൂടാതെ ഭര്‍ത്താവും സഹോദരിയും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചു. സ്ത്രീധനമായി 25 ലക്ഷം രൂപയും സമാനമായി സ്വര്‍ണവും കൊണ്ടുവരണമെന്നാവശ്യപ്പെട്ടു.
എന്നാല്‍, അതിന് നിര്‍വാഹമില്ലെന്ന് പറഞ്ഞതോടെ കഴിഞ്ഞമാസം 21ന് തന്നെ വീട്ടില്‍നിന്നും ഇറക്കിവിടുകയായിരുന്നെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു. സമുദായ പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും പലതവണ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മിഥുനും ബന്ധുക്കളും തയാറായില്ല. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മിഥുന് അടുത്ത പത്തിന് അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരിക്കുകയാണ്.