പ്രതി സെബാസ്റ്റ്യന്റെ വീട്ടിലെ ഫര്‍ണിച്ചറുകളും ബിന്ദുവിന്റേത്
1596343
Thursday, October 2, 2025 11:55 PM IST
കോട്ടയം: സീരിയല്‍ കില്ലര്‍ ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ വീട്ടിലുള്ള ഫര്ണിച്ചറുകളേറെയും ഇയാള്‍ കൊലപ്പെടുത്തിയ ബിന്ദു പത്മനാഭവന്റേതെന്ന് അയല്‍വാസികള്‍ പറയുന്നു. ബിന്ദുവിന് അവകാശമായി ലഭിച്ച അമ്മയുടെ വീട് പൊളിച്ചപ്പോള്‍ അലമാരകളും കട്ടിലും കസേരകളും ഉള്‍പ്പെടെ ഒരു ലോഡ് ഫര്‍ണിച്ചര്‍ സെബാസ്റ്റ്യന്‍ സ്വന്തമാക്കുകയായിരുന്നു.
അക്കാലത്ത് ബിന്ദുവുമായി അടുപ്പത്തിലായിരുന്ന സെബാസ്റ്റ്യന്‍ അവരുടെ അനുമതിയോടാണ് പഴയ തടിപ്പുര പൊളിച്ച് ഫര്‍ണിച്ചറുകള്‍ കൈവശപ്പെടുത്തിയതെന്ന് സംശയിക്കുന്നു. കുറെ തടി ഉരുപ്പടികള്‍ ഇയാള്‍ വില്‍ക്കുകയും ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളായിരുന്നു ബിന്ദു. കാന്‍സര്‍ ബാധിതയായ അമ്മ 2002 മേയിലും മൂന്നു മാസത്തിനു ശേഷം ഹൃദയാഘാതത്തെത്തുടര്‍ന്ന് അച്ഛനും മരിച്ചു. അതേ കാലത്താണ് സ്ഥലം വില്പനയുമായി ബന്ധപ്പെട്ട് ബിന്ദുവും സെബാസ്റ്റ്യനും അടുപ്പത്തിലായത്.
ബിന്ദുവിന്റെ അമ്പലപ്പുഴയിലെ ഭൂമി വില്പനയുടെ അഡ്വാന്‍സ് തുകയായ 1.5 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2006ല്‍ ബിന്ദുവിനെ കൊന്നശേഷം ഇവരുടെ അമ്മയുടെ പേരില്‍ കടക്കരപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം വ്യാജരേഖകള്‍ ചമച്ചാണ് സെബാസ്റ്റ്യന്‍ കൈമാറ്റം ചെയ്തത്. ഈ ഇടപാട് പിന്നീട് കോടതി റദ്ദാക്കി. ബിന്ദുവിന് അഞ്ചിടത്തായി മൂന്നരയേക്കര് സ്ഥലമുണ്ടായിരുന്നതെല്ലാം വില്ക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്തത് സെബാസ്റ്റ്യനായിരുന്നു.
ബിന്ദുവിന്റെ പേരിലുള്ള ബാങ്ക് ലോക്കറില്‍ 130 പവന് സ്വര്‍ണമുണ്ടായിരുന്നതും കാണാനില്ലെന്നാണ് സഹോദരന് പ്രവീണ്‍ പറയുന്നത്. കൊച്ചി പാടിവട്ടത്തു ബിന്ദു വാങ്ങിയ 10 സെന്റ് സ്ഥലം മുക്ത്യാര്‍ ഉപയോഗിച്ചു സെബാസ്റ്റ്യന്‍ വിറ്റിരുന്നു. എന്നാല്‍ മുക്ത്യാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ബിന്ദു എന്ന പേരില്‍ വന്നതു മറ്റൊരു സ്ത്രീയായിരുന്നു.
ബിന്ദുവിനെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മൂന്നിടത്ത് കുഴിച്ചിടുകയും മാസങ്ങള്‍ക്കുശേഷം അസ്ഥികള്‍ പുറത്തെടുത്ത് പെട്രോളും തിന്നറും ചേര്‍ത്ത് ചാമ്പലാക്കി തണ്ണീര്‍മുക്കം ബണ്ടില്‍ ഉപേക്ഷിച്ചെന്നുമാണ് കുറ്റസമ്മതം.
അച്ഛന് മരിക്കുന്നതിനു നാലു മാസം മുന്‍പ് സ്വത്തുക്കള്‍ പൂര്‍ണമായി ബിന്ദുവിന്റെ പേരിലേക്ക് എഴുതിയതിനു പിന്നിലും സെബാസ്റ്റ്യന്‍ പങ്കുള്ളതായി പ്രവീണ്‍ സംശയിക്കുന്നു. പ്രവീണിനു കാര്യമായി സ്വത്ത് നല്‍കിയിരുന്നില്ല.
ഇറ്റലിയില്‍ ജോലിക്കുപോയ പ്രവീണ്‍ സഹോദരിയുടെ തിരോധാനത്തില്‍ സെബാസ്റ്റ്യനു പങ്കുള്ളതായി 2017 സെപ്റ്റംബറിലാണ് ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കിയത്. അന്വേഷണം സെബാസ്റ്റ്യന്‍ പോലീസില്‍ ഉള്‍പ്പെടെ ഉന്നതര്‍ക്ക് ലക്ഷങ്ങള്‍ കൊടുത്ത് പാതിവഴിയില്‍ നിർത്തിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്.