കംപ്യൂട്ടർ ലാബ് ഉദ്ഘാടനം ഇന്ന്
1596345
Thursday, October 2, 2025 11:55 PM IST
അമ്പലപ്പുഴ: പുന്നപ്ര ഗവ. ജെബി സ്കൂളിൽ നിർമാണം പൂർത്തീകരിച്ച കംപ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. സ്കൂൾ പത്രം പ്രകാശനവും ഇതോടൊപ്പം നടക്കുമെന്ന് പ്രഥമാധ്യാപിക കെ. മല്ലിക, പഞ്ചായത്തംഗവും സ്കൂൾ വികസനസമിതി ചെയർമാനുമായ എൻ.കെ. ബിജുമോൻ, അധ്യാപകരായ വൈ. സാജിത, എൻ.കെ. രാജി എന്നിവർ അറിയിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെയും സ്കൂൾ വികസന സമിതിയുടെയും എസ്എംസിയുടെയും നേതൃത്വത്തിൽ ശീതീകരിച്ച ലാബിൽ 20 കംപ്യൂട്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 9 കംപ്യൂട്ടറുകൾ അധ്യാപകരാണ് വാങ്ങി നൽകിയത്.
മറ്റുള്ളവ പൊതുജന പങ്കാളിത്തത്തോടെയാണ് വാങ്ങിയത്. ആകെ നാലു ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 30 വിദ്യാർഥികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിലാണ് ലാബ് ക്രമീകരിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെ ഏഴു ലക്ഷം രൂപ ചെലവിൽ വൺ ടേബിൾ വൺ ചെയർ പദ്ധതി നടപ്പാക്കിയതോടെ സ്കൂൾ സമ്പൂർണ ഹൈടെക്കായി മാറിയിരുന്നു.
ഇതിനു പിന്നാലെയാണ് ആധുനിക കംപ്യൂട്ടർ ലാബും സജ്ജീകരിച്ചത്. രാവിലെ 10ന് എച്ച്. സലാം എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷത വഹിക്കും. അക്ഷര ദീപം ജെ.ബി.എസ് സ്കൂൾ പത്രം വിദ്യാർഥിനി കുമാരി ഫഹ്മിദ പർവീണിന് കൈമാറി ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർഎം.കെ. ശോഭന നിർവഹിക്കും.