സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണം പ്രായോഗികമല്ല: കെ.സി. വേണുഗോപാൽ
1595792
Monday, September 29, 2025 11:40 PM IST
അമ്പലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്ക നടപടികള്‍ക്കിടയില്‍ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണം പ്രായോഗികമല്ലെന്ന് കെ.സി. വേണുഗോപാൽ എംപി. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് 2002ലെ വോട്ടര്‍പട്ടിക മാനദണ്ഡമാക്കുമ്പോള്‍ 2025ലെ വോട്ടര്‍ പട്ടികയിൽ ഉള്‍പ്പെട്ടവരില്‍ ഒഴിവാക്കപ്പെടുന്ന 53 ലക്ഷം പേര് വീണ്ടും ഇതേ പ്രക്രിയയുടെ ഭാഗമാകണം. അത് അപ്രായോഗികമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നടപ്പാക്കണമെന്ന് പറയുന്നതിന് പിന്നിലെ ഉദ്ദേശ്യം സംശയജനകമാണ്. എസ്ഐ ആര് നീട്ടിവയ്ക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് തയാറാകണം. അഞ്ചു ചോദ്യങ്ങള്‍ ഉന്നയിച്ച് അഞ്ചു കോടി ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്നതിനുവേണ്ടിയാണ് സിഗ്നേച്ചര്‍ കാമ്പയിന് നടത്തുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് പങ്കാളിയല്ല. സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള പരീക്ഷണങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. അതാത് സമയത്ത് ഓരോ സമൂഹത്തെ പ്രീണിപ്പിക്കുന്ന നിലപാടാണ് ബിജെപിയുടേത്. ഒരുവശത്ത് ക്രൈസ്തവ സ്നേഹം പറയുമ്പോള്‍ മറുവശത്ത് ക്രൈസ്തവ പുരോഹിതന്മാര്ക്കെതിരെ അക്രമം നടത്തി പീഡിപ്പിക്കുന്നു.
മതനിരപേക്ഷത ഇല്ലാതാക്കുക എന്നതാണ് ആര്‍എസ്എസ് അജണ്ട. ഇപ്പോള്‍ ബിജെപി സമുദായങ്ങളെ ചേര്‍ത്തുപിടിക്കുന്നത് പിആര്‍ വര്‍ക്ക് മാത്രമാണെന്ന് കേരളജനത തിരിച്ചറിയുന്നുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.