സാമൂഹിക പ്രവർത്തകന്റെ നിരന്തര ഇടപെടൽ; പാലം ഇനി മുതൽ പകൽപോലെ പ്രകാശിക്കും
1596079
Wednesday, October 1, 2025 12:02 AM IST
അമ്പലപ്പുഴ: സാമൂഹിക പ്രവർത്തകന്റെ നിരന്തര ഇടപെടൽ മൂലം രാത്രികാലങ്ങളിൽ പാലം ഇനി മുതൽ പകൽപോലെ പ്രകാശിക്കും. കുട്ടനാടിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കഞ്ഞിപ്പാടം വൈശ്യംഭാഗം പാലത്തിലാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഭരണസമിതി വഴിവിളക്കുകൾ സ്ഥാപിച്ചത്. നിരവധി സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്തിയ കാക്കാഴം താഴ്ചയിൽ നസീറിന്റെ ഇടപെടലിനെത്തുടർന്നാണ് പഞ്ചായത്ത് പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിച്ചത്. 2011 ഫെബ്രുവരി 28ന് അന്ന് മന്ത്രിയായിരുന്ന ജി.സുധാകരനാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
പിന്നീട് 2019 സെപ്തംബർ 8ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പ്രളയകാലത്തടക്കം കുട്ടനാട്ടുകാരെ രക്ഷപ്പെടുത്തിയത് ഈ പാലത്തിലൂടെയായിരുന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡ് അടയ്ക്കുമ്പോൾ കുട്ടനാട്ടുകാരടക്കം യാത്ര ചെയ്യാനുപയോഗിക്കുന്ന ഈ പാലത്തിന് 355 മീറ്റർ നീളമാണുള്ളത്.
നെടുമുടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ വർഷങ്ങൾ കഴിഞ്ഞിട്ടും വഴിവിളക്കുകൾ സ്ഥാപിക്കാൻ അധികൃതർ തയാറായില്ല. ഇപ്പോൾ കെഎസ്ആർടിസി ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. രാത്രിയുടെ മറവിൽ ഇവിടെ മാലിന്യം തള്ളുന്നതും ലഹരിക്കടത്ത് വിൽപ്പനയും ഉപഭോഗവും പതിവാണ്.
വഴി വിളക്കില്ലാത്തതിനാൽ ഇതിലേ രാത്രികാലങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് യാത്ര ചെയ്യാനും ഭയമായിരുന്നു.
തുടർന്നാണ് സാമൂഹിക പ്രവർത്തകനായ കാക്കാഴം താഴ്ചയിൽ നസീർ പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 2023 ഡിസംബർ 29ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നൽകിയത്.
തുടർന്ന് പാലത്തിൽ വഴി വിളക്കുകൾ സ്ഥാപിക്കാൻ ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു.
4,20,000 രൂപ ചെലവിൽ 28 എൽഇഡി വിളക്കുകളാണ് പാലത്തിന്റെ ഇരുവശത്തുമായി സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ഇതിനായി തുക നീക്കിവച്ചത്. നാളെ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എംഎൽഎ വഴിവിളക്കുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കും.