ബസുകളുടെ അമിതവേഗത്തിനെതിരേ തത്തംപള്ളി റെസിഡന്റ്സ് അസോ.
1595795
Monday, September 29, 2025 11:40 PM IST
ആലപ്പുഴ: ജില്ലാ കോടതി പാലം നവീകരിക്കുന്നതിനെത്തുടര്ന്ന് താത്കാലികമായി പട്ടണചത്വരത്തിലൂടെ തുറന്ന വളരെ ഇടുങ്ങിയതും അപകടകരവുമായ വഴിയിലൂടെ ബസുകള്‍ അമിതവേഗത്തില്‍ ഓടുന്നതായി പരാതി. ഇതു മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര പ്രാധാന്യത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് (ടിആര്‍എ) ആവശ്യപ്പെട്ടു.
തിരിയാനിടമില്ലാത്ത ഒറ്റലൈന്‍ വഴിയിലൂടെ അതിവേഗത്തിലാണ് ബസുകള്‍ ഓടുന്നത്. ഇതിന് അധികൃതര്‍ അനുവാദം നല്കിയിട്ടുണ്ടെങ്കില് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും ചെറുവാഹനങ്ങളുടെ ഗതാഗതത്തിനുപോലും വീതിയില്ലാത്ത റോഡുകളിലൂടെയാണ് ബസുകള്‍ പായുന്നത്. ഇതു വലിയ അപകടങ്ങള്‍ക്കു വഴിവയ്ക്കുമെന്നും അധികാരികള്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.