പോഷകരാജ്ഞി മുതല്‍ ഫുഡ് സിഗ്നല്‍ വരെ; വികസനസദസില്‍ കൗതുകമായി പോഷണ്‍ മാ സ്റ്റാൾ
1595799
Monday, September 29, 2025 11:40 PM IST
ആലപ്പുഴ: പോഷകരാജ്ഞി, ഫുഡ് സിഗ്നല്‍, ഫുഡ് പിരമിഡ് തുടങ്ങിയ രസകരമായ പേരുകളാല്‍ അറിവും കൗതുകവുമുണര്‍ത്തി പോഷണ്‍ മാ പ്രോഗ്രാം സ്റ്റാള്‍. മാര്‍ ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തില്‍ നടന്ന പുന്നപ്ര തെക്ക് പഞ്ചായത്തിലെ വികസന സദസിലെ വനിത, ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാളാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായത്.
പോഷകരാജ്ഞി എന്ന പേരില്‍ മുരിങ്ങയില, ചെറുപയര്‍, ചോളം, ഗോതമ്പ്, ഉഴുന്ന് എന്നിവയാല്‍ ഒരുക്കിയ ബാര്‍ബി ഡോളിന്റെ രൂപം സ്റ്റാളിന്റെ കവാടത്തില്‍ത്തന്നെ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാരങ്ങ, വെണ്ട, ബീറ്റ്റൂട്ട്, കാരറ്റ്, പച്ചമുളക് എന്നീ പച്ചക്കറികള്‍ ഉപയോഗിച്ച് നിര്‍മിച്ച നിലവിളക്കും ശ്രദ്ധേയമായി.
ശരീരത്തിന് കൂടുതല്‍ ആവശ്യമുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയില്‍ തുടങ്ങി ഏറ്റവും കുറവ് ആവശ്യമുള്ള പഞ്ചസാര, എണ്ണ തുടങ്ങിയവയെപ്പറ്റി വിവരിക്കുന്ന ഫുഡ് പിരമിഡ്, യഥേഷ്ടം കഴിക്കേണ്ടവ, അത്യാവശ്യം കഴിക്കാവുന്നവ, കഴിക്കാന്‍ പാടില്ലാത്തവ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മനസിലാക്കാന്‍ സഹായിക്കുന്ന ഫുഡ് സിഗ്നല്‍ എന്നിവയും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.
പോഷക സമൃദ്ധി ലക്ഷ്യമിട്ടുള്ള പോഷണ്‍ മാ മാസാചരണത്തിന്റെ ഭാഗമായി നാടന്‍ ഭക്ഷ്യവസ്തുക്കളും സന്ദര്‍ശകരെ പരിചയപ്പെടുത്തി. ചെറിയ കുട്ടികള്‍ക്ക് നല്കുന്ന കുറുക്ക് രൂപത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍, അങ്കണവാടികളിലെ പുതിയ പരിഷ്കരിച്ച മെനു, അമൃതം പൊടി ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ തടയുന്ന മില്ലറ്റ്, മുളപ്പിച്ച വിവിധ പയര്‍ വര്‍ഗങ്ങള്‍ എന്നിവയും പോഷണ്‍ മാ പ്രോഗ്രാം പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിരുന്നു.
സദസിലെത്തിയവര്ക്ക് നല്ല ആരോഗ്യശീലങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സ്റ്റാളിലൂടെ സാധിച്ചു. അമ്പലപ്പുഴ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ പുന്നപ്ര തെക്ക് പഞ്ചായത്തിലെ അങ്കണവാടികളാണ് പോഷകാഹാര ബോധവത്കരണം എന്ന നിലയില്‍ സ്റ്റാള്‍ ഒരുക്കിയത്.