മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ്
1596347
Thursday, October 2, 2025 11:55 PM IST
മാവേലിക്കര: അമൃത ഭാരത് പദ്ധതിയുടെ ഭാഗമായി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേയുടെ ബന്ധപ്പെട്ട വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം സ്റ്റേഷൻ സന്ദർശിച്ച എംപി, നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകി.
സന്ദർശനത്തിനിടെ നേരത്തെ തന്റെ ഇടപെടലിൽ ഡിവിഷൻ പദ്ധതിയായി നിർദേശിച്ച ലിഫ്റ്റ് പ്രവർത്തനസജ്ജമായത് യാത്രക്കാർക്ക് ഗുണകരമാണെന്ന് എംപി അഭിപ്രായപ്പെട്ടു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടെ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം, ക്ലോക്ക് റൂം, ശൗചാലയങ്ങൾ, മതിയായ ഇരിപ്പിടങ്ങൾ എന്നിവ യാത്രക്കാർക്ക് ലഭ്യമാകുമെന്നും നിലവിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിനൊപ്പം കോച്ച് പൊസിഷൻ സൂചികകളും ഉടൻ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുതുതായി എഫ്സിഐ റോഡിൽനിന്ന് മൂന്ന്, രണ്ട്, ഒന്ന് നമ്പർ പ്ലാറ്റ്ഫോമുകളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് എംപി നിർദേശിച്ചു. സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
കല്ലുമല റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമാണ പുരോഗതിയെക്കുറിച്ചുള്ള അവലോകന യോഗം 8ന് ഡിവിഷൻ ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തുമെന്നും എംപി അറിയിച്ചു.