കടല്‍ത്തീരത്ത് രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം: ഫാ. സേവ്യർ കുടിയാംശേരി
1595536
Monday, September 29, 2025 12:06 AM IST
ആലപ്പുഴ: അടുത്തകാലത്തായി ആലപ്പുഴ കടലില്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്നു. ഇതിനകം പത്തുപേർ മരിച്ചു. കടലില്‍ അപകടങ്ങളുണ്ടായാല്‍ ഇപ്പോള്‍ ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒരു സംവിധാനവുമില്ലെന്ന് ആലപ്പുഴ രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി പറഞ്ഞു. അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍പ്പോലും ഒരു സംവിധാനവുമില്ല.
നാല്പതിനായിരത്തിലേറെ മത്സ്യത്തൊഴിലാളികള്‍ ആലപ്പുഴയിലുണ്ട്. രണ്ടായിരത്തിലേറെ മീന്‍പിടിത്ത വഞ്ചികളുണ്ട്. ഇത്ര വലിയ ഒരു സമൂഹം നിരന്തരം അപകടകരമായ സാഹചര്യത്തില്‍ ജീവസന്ധാരണം തേടുമ്പോള്‍ ഒരു രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനവും ഇല്ലാതിരിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.
ഇപ്പോള്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ നേവിയുടെ സഹായവും ഹെലികോപ്റ്റര്‍ സംവിധാനവുമാണു തേടുന്നത്. അവര്‍ തീരുമാനമെടുത്തിവിടെ എത്തുമ്പോള്‍ എല്ലാം കഴിഞ്ഞിരിക്കും. ആലപ്പുഴ തീരത്തിനു സ്വന്തമായി ഒരു സ്കൂബാ ഡൈവിംഗ് ടീം ഉണ്ടാകണം. സ്പീഡ് ബോട്ടു സംവിധാനങ്ങളുണ്ടാകണം.
രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെത്തന്നെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ച് നിയമിക്കണം. ചെത്തി ഹാര്‍ബര്‍ എത്രയുംവേഗം പൂര്‍ത്തിയാക്കിയാല്‍ ഒരു ലാന്‍ഡിംഗ് സെന്ററുമാകും. ഇത്തരം കാര്യങ്ങളില്‍ ഇനി അമാന്തിക്കരുത്. അത്രയ്ക്കും അടിയന്തര സാഹചര്യമാണ് കടപ്പുറത്തു നിലനില്‍ക്കുന്നതെന്ന് ഫാ. സേവ്യർ കുടിയാംശേരി പറഞ്ഞു.