താലൂക്ക് ആശുപത്രിക്കുമില്ലേ മോഹങ്ങൾ? പുതിയ കെട്ടിടം വരും, വരാതിരിക്കില്ല
1596076
Wednesday, October 1, 2025 12:02 AM IST
ചമ്പക്കുളം: പുളിങ്കുന്നില്‍ താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിടം നിർമിക്കുമെന്ന പ്രഖ്യാപനത്തിന് അഞ്ചാം വാർഷികം. എന്നാൽ, കെട്ടിടത്തിന്റെ പൊടിപോലും ഇതുവരെ എത്തിയിട്ടില്ല.
2018ലെ പ്രളയത്തിനു ശേഷം അന്നത്തെ ധനമന്ത്രി തോമസ് ഐസക് പുളിങ്കുന്ന് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മാണത്തിന് 40 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു.
എന്നാല്‍, പുതിയ ഒരു ഹോസ്പിറ്റല്‍ നിര്‍മിക്കാന്‍ ഈ തുക മതിയാവില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. ഇതോടെ പിന്നീട് ബജറ്റില്‍ തുക 145 കോടിയായി ഉയര്‍ത്തി. അതിനുശേഷം അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു മുറി പോലും പുതുതായി പണിയാൻ കഴിഞ്ഞിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. അതിനുശേഷം പ്രളയങ്ങൾ പലതുവന്നു. ജീർണിച്ചു തുടങ്ങിയ പഴയ ആശുപത്രിക്കെട്ടിടം ഇപ്പോഴും വെള്ളക്കെട്ടിൽനിന്നു മരവിക്കുന്നു.
വെള്ളക്കെട്ടിലെ
ആശുപത്രി
മഹാപ്രളയത്തിനുശേഷം എല്ലാ വര്‍ഷവും വെള്ളപ്പൊക്കം ഇടവിട്ടെത്തി ആശുപത്രി കോന്പൗണ്ടിലെ കെട്ടിടങ്ങളിലെല്ലാം വെള്ളം കയറുന്ന സ്ഥിതിയാണ്. എന്നിട്ടും വെള്ളം കയറാത്ത വിധത്തിൽ പുതിയൊരു കെട്ടിടം നിർമിച്ചു നൽകണമെന്ന് അധികാരികൾക്കു തോന്നിത്തുടങ്ങിയിട്ടില്ല. പ്ലാന്‍ ആയി, അംഗീകാരമായി, ഇപ്പം ശരിയാകും എന്നൊക്കെ പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ടുതന്നെ വര്‍ഷങ്ങളായി. അധികാരികളോടു ചോദിച്ചാൽ ഉടനെ തുടങ്ങുമെന്ന മറുപടി മാത്രമാണ് ബാക്കി.
വെള്ളപ്പൊക്ക
ഭീഷണിയിൽ
ജലനിരപ്പ് ഉയര്‍ന്നാല്‍ വെള്ളം കയറുന്ന പുരയിടത്തിലാണ് ആശുപത്രി നിലനില്‍ക്കുന്നത്. ഈ പുരയിടം മണ്ണിട്ട് ഉയര്‍ത്തി യെങ്കില്‍ മാത്രമേ ഇതിനെ ചെറുക്കാനാകൂ. നിലവിലുള്ള ഒപി കെട്ടിടവും രോഗികളെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡുകളുമെല്ലാം തറനിരപ്പിലുള്ള കെട്ടിടങ്ങളിലായതിനാല്‍ ചെറിയ മഴയത്തും ഇവിടെ എല്ലാം കെട്ടിടങ്ങളിലും വെള്ളം കയറും. ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഒരു ഭാഗത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആയതിനാല്‍ വെള്ളം കയറില്ല. ബാക്കി എല്ലാ കെട്ടിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയെ നേരിടുന്നു.
കാടുമൂടി പരിസരം
ആശുപത്രിയും പരിസരവും കാടു മൂടി വെള്ളക്കെട്ടോടെ കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യം പതിവാണ്. ഒപി ബ്ലോക്കിന്റെ മുന്‍ഭാഗം മഴ പെയ്താലുടന്‍ വെള്ളക്കെട്ടായി മാറും. ആശുപത്രിയിലേക്കു വരുന്ന രോഗികളുടെ വാഹനങ്ങള്‍ ഈ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആശുപത്രിയുടെ പ്രവേശനവഴിയില്ത്തന്നെ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാര്‍ക്കിംഗ് ഏരിയ മണ്ണിട്ട് ഉയര്‍ത്തുമെന്നു പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഒന്നും ചെയ്തിട്ടില്ല.
റോഡും
പാതിവഴിയിൽ
ആശുപത്രിയിലേക്ക് എത്താന്‍ ഇടുങ്ങിയ ഒരു റോഡ് മാത്രമാണുള്ളത്. നാട്ടുകാരുടെ സഹായത്തോടെ മങ്കൊമ്പ് തട്ടാശേരി റോഡില്‍നിന്ന് ആശുപത്രിയിലേക്കു പുതിയ റോഡ് നിര്‍മിക്കാനുള്ള സ്ഥലം ഏറ്റെടുത്തു നൽകിയിരുന്നു. ഇതു ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് മണ്ണ് അടിച്ചെങ്കിലും ആവശ്യത്തിന് ഉയരം ആവാത്തതിനാല്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. കെട്ടിടനിര്‍മാണം ആവശ്യത്തിനുള്ള സാമഗ്രികള്‍ ഇറക്കണമെങ്കില്‍ വെള്ളക്കെട്ടായ ഈ റോഡ് ഉയര്‍ത്തി നിർമിക്കണം.
മാറ്റി സ്ഥാപിക്കണമെന്നും
ആവശ്യം
14 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എഴുപത്തഞ്ചോളം ജീവനക്കാരുള്ള ഈ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ല. യാത്രാ സൗകര്യത്തിന്റെ അപര്യാപ്തതയും കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കൂടിയാകുമ്പോള്‍ താലൂക്ക് ആശുപത്രിയെന്ന വിശേഷണം പോലും അപ്രസക്തമാവുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജലഗതാഗതം മാത്രം സാധ്യമായ കാലത്തു സ്ഥാപിക്കപ്പെട്ട താലൂക്ക് ആശുപത്രി കുറച്ചുകൂടി സൗകര്യപ്രദമായി കുട്ടനാട്ടിലെ എല്ലാ പ്രദേശത്തുനിന്നും ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന എസി റോഡിനു സമീപത്തേക്കു മാറ്റിസ്ഥാപിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.