കുറ്റിക്കാട്ടുപ്പടി- ഇടനാട് റോഡ്: പൊളിയാനൊന്നും ബാക്കിയില്ല
1595793
Monday, September 29, 2025 11:40 PM IST
ചെങ്ങന്നൂർ: നഗരസഭയുടെ അഞ്ച്, ഏഴ് വാർഡുകളിലൂടെ കടന്നുപോകുന്ന കുറ്റിക്കാട്ടുപ്പടി- ഇടനാട് റോഡ് പൂർണമായും തകർന്നു തരിപ്പണമായി. നിരവധിത്തവണ അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാരോപിച്ചു പ്രദേശവാസികൾ പ്രതിഷേധം തുടങ്ങി.
നാടിന്റെ ചെളിക്കുണ്ട്
റോഡിൽ നിറയെ കുണ്ടും കുഴിയുമാണ്. മഴ പെയ്താൽ ചെളിക്കുണ്ടായി മാറുന്ന ഇവിടെ കാൽനടയാത്ര പോലും ദുഷ്കരം. കുഴികളും വെള്ളക്കെട്ടും നിറഞ്ഞ ഈ റോഡിലൂടെ സർക്കസ് അഭ്യാസികളെപ്പോലെയാണ് ഇരുചക്ര വാഹനയാത്രക്കാർ പോകുന്നത്. കുഴികളിലും വെള്ളക്കെട്ടിലും വീണ് ഇതിനോടകം നിരവധി അപകടങ്ങൾ സംഭവിച്ചു. മഴക്കാലത്ത് വരട്ടാറിൽനിന്നുള്ള ഒഴുക്കു കാരണം റോഡിൽ വെള്ളക്കെട്ട് ഉണ്ടാവുകയും റോഡ് ചെളിക്കുണ്ടായി മാറുകയും ചെയ്യുന്നതും ദുരിതം ഇരട്ടിയാക്കുന്നു.
ഫ്ലെക്സിൽ ഒതുങ്ങി
രണ്ടര കിലോമീറ്റർ ദൂരമുള്ള ഈ റോഡ് മണ്ണിട്ട് ഉയർത്തി ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാരുകളും ജനപ്രതിനിധികളും റോഡിനു ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നു പറയുന്നതല്ലാതെ നിർമാണം മാത്രം നടക്കുന്നില്ല. റോഡിന്റെ പുനരുദ്ധാരണത്തിനായി ഒന്നരക്കോടി രൂപ വീതം രണ്ട് തവണ അനുവദിച്ചിട്ടുണ്ടെന്ന് എംപിയും മന്ത്രിയും പറയുന്നത് ഫ്ലെക്സ് ബോർഡുകളിൽ മാത്രമായി ഒതുങ്ങുകയാണെന്നും നാട്ടുകാർ പറയുന്നു.
വർഷങ്ങൾക്കു മുമ്പ് ഈ റോഡ് ബൈപാസ് എന്ന നിലയിൽ പ്രഖ്യാപിച്ചിരുന്നു. ചെങ്ങന്നൂർ-കല്ലിശേരിയിൽനിന്നു വാഹനങ്ങൾക്ക് ഇതുവഴി കടന്ന് ഇടനാട്, ചെങ്ങന്നൂർ ടൗൺ, കോഴഞ്ചേരി എന്നിവിടങ്ങളിലേക്കു പോകാനായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ, പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല.
ബസുകൾ ഒാടുന്നില്ല
കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി സർവീസുകൾ നടത്തിയിരുന്ന ഈ റോഡിൽ ഇപ്പോൾ ബസ് സർവീസുകൾ നിലച്ചിരിക്കുകയാണ്. ഇതോടെ നാട്ടുകാർ ടാക്സി, സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയായി. റോഡ് തകർന്നുകിടക്കുന്നതിനാൽ ഓട്ടം വിളിച്ചാൽ ടാക്സി വാഹനങ്ങൾ പോലും വരാൻ മടിക്കുന്നു. കുടിവെള്ള പദ്ധതിക്കായി പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചതും റോഡ് തകരാൻ ഒരു കാരണമായി. അടിയന്തരമായി റോഡ് പുനരുദ്ധാരണത്തിനായി അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ഞങ്ങളുടെ ദുരിതയാത്ര
ഈ റോഡിൽ കാൽനടയാത്ര പോലും ദുഷ്കരം. അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം കൈപ്പറ്റുന്ന സർക്കാർ, അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനു തുല്യം. റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണം. - മാത്യു വർഗീസ് (പ്രദേശവാസി)
മതിൽ അപകടത്തിൽ
ഈ റോഡിനു സമീപത്തായി നിരവധി ആരാധനാലയങ്ങൾ, ഒരു അങ്കണവാടി, ഒരു പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയുണ്ട്. അങ്കണവാടിയുടെ മതിൽ ഏതു സമയവും നിലംപൊത്താവുന്ന രീതിയിലാണ്. ഇതു പേടിച്ച്, രക്ഷാകർത്താക്കൾ കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്കു വിടാൻ തന്നെ ഭയപ്പെടുകയാണ്. -ഗീത (അങ്കണവാടി ടീച്ചർ)
സഞ്ചാരയോഗ്യമാക്കണം
പൊതുടാപ്പുകൾ സ്ഥാപിച്ചിട്ടും ഇതുവരെ ഒരിറ്റു വെള്ളം പോലും ലഭ്യമല്ല. പുതിയ പൈപ്പ്ലൈൻ നിർമാണം തീർത്തും ഇഴഞ്ഞുനീങ്ങുന്നു. ഈ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കണം.
-പി.എൻ. സന്തോഷ് (ഓട്ടോറിക്ഷ ഡ്രൈവർ)