പുറക്കാട് കാത്തിരിക്കുന്നു; എയിംസ് വരുമോ?
1595534
Monday, September 29, 2025 12:06 AM IST
അമ്പലപ്പുഴ: പുറക്കാട് ഇല്ലിച്ചിറ നിവാസികള്‍ എയിംസിനുവേണ്ടി കാത്തിരിക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വിവിധ പദ്ധതികള്‍ക്ക് സാക്ഷ്യം വഹിച്ച മണക്കല്‍ പാടശേഖരം വിഷപാമ്പുകളുടെയും നീര്‍നായ്ക്കളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെ എയിംസ് വരണമെന്നും തദ്ദേശവാസികള്‍ ആഗ്രഹിക്കുന്നു. എയിംസ് പുറക്കാട് വന്നാല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്കും ഏറെപ്രയോജനം ചെയ്യും.
സ്മൃതിവനം
പദ്ധതി പാളി
നൂറുമേനി വിളവ് കൊയ്തിരുന്ന പുറക്കാട്ടെ 636 ഏക്കര്‍ വരുന്ന മണക്കല്‍ പാടശേഖരം ഗാന്ധിസ്മൃതിവന പദ്ധതിക്കായാണ് കരുണാകരന് സര്‍ക്കാര്‍ ഏറ്റെടുത്തത്. വനമില്ലാത്ത ആലപ്പുഴയ്ക്ക് ഒരു നിര്‍മിത വനം ലക്ഷ്യമിട്ടാണ് പുറക്കാട് പഞ്ചായത്തില്‍ 1994ല്‍ ഗാന്ധിസ്മൃതിവനം പദ്ധതിക്കു തുടക്കമിടുന്നത്. കെ. കരുണാകരന് സര്‍ക്കാരാണ് ഇതിനായി സ്ഥലം ഏറ്റെടുത്തത്.
കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സ്മൃതിവനം പദ്ധതി കടലാസിലൊതുങ്ങി. തുടര്‍ന്ന് വന്ന സര്‍ക്കാര്‍ സ്മൃതിവനം പദ്ധതിയോട് താത്പര്യമില്ലാതെ വന്നതോടെ പദ്ധതി പ്രദേശം കാടുകയറി വിഷജന്തുക്കളുടെ താവളമായി. പാമ്പുകളുടെ കടിയേറ്റ് നിരവധി പേരാണ് മരിച്ചിട്ടുള്ളത്. കൂടാതെ പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളും താറാവ്, കോഴി തുടങ്ങിയവയും വിഷജന്തുക്കളുടെ അക്രമത്തിന് ഇരയായി.
ഐടി പാര്‍ക്ക് എവിടെ?
ഇതിനിടെ പദ്ധതി പ്രദേശം കൃഷിയോഗ്യമാക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നെങ്കിലും പ്രതിഷേധത്തില്‍ ഒതുങ്ങി. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഇവിടെ ഐടി പാര്‍ക്ക് ആരംഭിക്കാന്‍ തീരുമാനമെടുത്തു. കോടികള്‍ ചെലവഴിച്ച് 100 ഏക്കര്‍ ഭൂമി ഇതിനായി നികത്തുകയും ചെയ്തു. ലക്ഷങ്ങള്‍ ചെലവഴിച്ച് ഉദ്ഘാടന മാമാങ്കവും നടത്തി.പിന്നീട് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പ് അനുമതി നിഷേധിച്ചതോടെ ഈ പ്രഖ്യാപനവും പാഴായി.
ഇക്കോ ടൂറിസം ഉറക്കത്തിൽ
പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇക്കോടൂറിസത്തിനുള്ള നടപടി ആരംഭിച്ചിരുന്നു. ഇതിനായി ഐ ടി പാര്‍ക്ക് പദ്ധതിയില്‍ വകയിരുത്തിയിരുന്ന രണ്ടു കോടി രൂപയില്‍ ഒരു കോടി രൂപ വനം വികസന കോര്‍പറേഷന്റെ ഇക്കോ ടൂറിസം വകുപ്പിന് കൈമാറി. ഐടി പാര്ക്കിനായെടുത്തതുള്പ്പെടെയുളള 160 ഏക്കര്‍ സ്ഥലത്താണ് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ നടക്കേണ്ടിയിരുന്നുത്. ഇതിനായി പുറംബണ്ട് നിര്‍മാണത്തിനായി കരാര്‍ നല്‍കുകയും ചെയ്തു.
പുറംബണ്ടുകള്‍ നിര്‍മിച്ച് താഴ്ച പ്രദേശങ്ങളില്‍ മത്സ്യകൃഷി, നെല്‍കൃഷി, കരപ്രദേശങ്ങളില്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് ചെറിയ കൂരകള്‍ നിര്‍മിച്ച് വിദേശികളെ ആകര്‍ഷിക്കുന്ന തലത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരുന്നത്.
കൂടാതെ ദേശീയ ജലപാതയോരത്ത് വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതോടെ ടിഎസ് കനാലിലൂടെ കടന്നുപോകുന്ന ഹൗസ്ബോട്ടുകളിലെ വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന തലത്തിലാക്കുക തുടങ്ങിയവയും ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പുന്തലയില്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍, പദ്ധതി നടപ്പിലാക്കാനാകാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
ഉത്തര(മില്ലാത്ത)വാദിത്ത ടൂറിസം പദ്ധതി
കഴിഞ്ഞ പിണറായി സര്‍ക്കാര്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ വനം വികസന കോര്പറേഷന് ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് പുറക്കാട് മണക്കല്‍ പാടശേഖരം ഏറ്റെടുക്കാന്‍ തീരുമാനമായി. സംയുക്ത കൃഷിയോടൊപ്പം ടൂറിസവുമാണ് ലക്ഷ്യമിട്ടത്. നെല്ല്, മത്സ്യം, താറാവ്, പച്ചക്കറി എന്നിവയോടൊപ്പം മരം വച്ച് പിടിപ്പിക്കുകയുമാണ് ലക്ഷ്മിട്ടത്. വനം വികസന കോര്പറേഷന് സ്ഥലം തിട്ടപ്പെടുത്തി അതിരുകള്‍ നിശ്ചയിച്ചു. കോര്‍പ്പറേഷന്റെ കീഴില്‍ സൊസൈറ്റി രൂപീകരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ പദ്ധതിയും വെളിച്ചം ണ്ടില്ല.