ചങ്ങനാശേരി അതിരൂപതയിൽ 250 ഇടവകകളിൽ പ്രത്യാശ സായാഹ്ന കൺവൻഷനുകൾ
1596072
Wednesday, October 1, 2025 12:02 AM IST
ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാര ജൂബിലി സമാപന കർമപദ്ധതികളുടെ ഭാഗമായി ചങ്ങനാശേരി അതിരൂപതയിൽ സംഘടിപ്പിക്കുന്ന പ്രത്യാശ സായാഹ്ന കൺവൻഷനുകൾ അഞ്ചിന് പുളിങ്കുന്ന് ഫൊറോനയിൽ ആരംഭിച്ച് നവംബർ 23ന് എടത്വാ ഫൊറോനയിൽ സമാപിക്കും.
ജൂബിലി കർമപദ്ധതിയുടെ ഭാഗമായി അതിരൂപതയിലെ 80,000 കുടുംബങ്ങളിലൂടെ നടക്കുന്ന പ്രത്യാശജ്യോതി പ്രയാണത്തിന്റെ തുടർച്ചയായാണ് കൺവൻഷനുകൾക്ക് തിരിതെളിയുന്നത്.
55 പ്രത്യേക ടീമുകളാണ് 250 ഇടവകകളിൽ സായാഹ്ന കൺവൻഷനുകൾ നയിക്കുന്നത്. നിശ്ചയിച്ച ഒരേ തീയതിയിൽ ഫൊറോനയിലെ എല്ലാ ഇടവകകളിലും കൺവൻഷനുകൾ നടക്കും.
കൺവൻഷനുകളുടെ ക്രമം
ഒക്ടോബർ: 05 -പുളിങ്കുന്ന്; 11-കോട്ടയം; 12-തൃക്കൊടിത്താനം, ചെങ്ങന്നൂർ; 18-തുരുത്തി; 19-ചങ്ങനാശേരി; 20-അതിരമ്പുഴ; 25-നെടുംകുന്നം; 26-കുറുമ്പനാടം, മണിമല; നവംബർ 01-കുടമാളൂർ; 02-ആലപ്പുഴ, മുഹമ്മ; 15 -ചമ്പക്കുളം; 22, 23-എടത്വ.
നവംബർ 23 വരെ വിവിധ ദിവസങ്ങളിലായി അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂർ എന്നിവിടങ്ങളിലും കൺവൻഷനുകൾ നടക്കും.
ഇടവകകളിലെ കൺവൻഷനുകൾ വൈകുന്നേരം 4.30ന് റംശാ-ജപമാലയോടെ ആരംഭിക്കും. തുടർന്നു വിശുദ്ധകുർബാന, ഗാനശുശ്രൂഷ, വചനപ്രഘോഷണം എന്നിവ നടക്കും. രാത്രി എട്ടിന് പരിശുദ്ധ കുർബാനയുടെ ആരാധന, നിഖ്യാ വിശ്വാസപ്രമാണ ജൂബിലിയോടനുബന്ധിച്ച് വിശ്വാസപ്രമാണാലാപനം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടക്കും. തുടർന്ന് സ്നേഹവിരുന്നോടെ കൺവൻഷൻ സമാപിക്കും.
എല്ലാ വിശ്വാസികളും കുടുംബസമേതം സായാഹ്നകൺവൻഷനിൽ പങ്കെടുത്ത് പ്രത്യാശയുടെ ഈ തീർഥാടനത്തിൽ പങ്കാളികളാകണമെന്ന് ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ആഹ്വാനം ചെയ്തു.
ജൂബിലി തീർഥാടനം
കൺവൻഷനുകൾക്കുശേഷം ഡിസംബർ ഒന്നു മുതൽ 21 വരെ പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് അതിരൂപതയിലെ എല്ലാ ഇടവകകളിൽനിന്നും ജൂബിലി വർഷത്തിൽ മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്ന ജൂബിലി തീർഥാടനവും പൂർണ ദണ്ഡവിമോചന സ്വീകരണവും നടക്കും.
ഡിസംബർ ഒന്നു മുതൽ ഏഴുവരെ: ചങ്ങനാശേരി റീജണുകൾ, ഡിസംബർ 9-12: നെടുംകുന്നം റീജൺ, ഡിസംബർ 15-21: കോട്ടയം റീജൺ.
ആർച്ച്ബിഷപ് മാർ തോമസ് തറയിൽ നേതൃത്വം നൽകുന്ന ആലപ്പുഴ-കുട്ടനാടൻ റീജന്റെ പ്രത്യേക തീർഥാടനം ഡിസംബർ 13ന് രാവിലെ അഞ്ചിന് ചമ്പക്കുളം-കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽനിന്നാരംഭിച്ച് കാൽനടയായി പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിലെത്തും. ചമ്പക്കുളം, ആലപ്പുഴ, മുഹമ്മ, എടത്വാ, പുളിങ്കുന്ന് ഫൊറോനകളിലെ മുഴുവൻ വൈദികരും സന്യസ്തരും ദൈവജനവും ഈ പ്രധാന തീർഥാടനത്തിൽ കാൽനടയായി അണിചേരും. അതിരൂപത മാതൃവേദി-പിതൃവേദി നേതൃത്വം നല്കും.
തിരുവനന്തപുരം റീജണിലെ ഇടവകകൾ സൗകര്യപ്രദമായ തീയതികളിൽ പാറേൽ തീർഥാടനം ക്രമീകരിക്കുമെന്നും ജനറൽ കൺവീനറായ ചങ്ങനാശേരി അതിരൂപത മുഖ്യവികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട്, ജനറൽ കോ-ഓർഡിനേറ്റേഴ്സ് ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട് എന്നിവർ അറിയിച്ചു.