ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ രജതജൂബിലി നിറവിൽ
1596073
Wednesday, October 1, 2025 12:02 AM IST
ചെങ്ങന്നൂർ: ആയിരക്കണക്കിന് വിദ്യാർഥികളുടെ ജീവിതത്തിന് വെളിച്ചമേകിയ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ രജതജൂബിലി നിറവിൽ. വിദ്യാർഥികളുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായ ഹയർ സെക്കൻഡറി വിഭാഗം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങൾ നാലിന് ആരംഭിച്ച് 11ന് സമാപിക്കും.
1953ൽ സ്ഥാപിതമായ ചെറിയനാട് ദേവസ്വം ബോർഡ് ഹൈസ്കൂളിൽ 2000-ലാണ് ഹയർ സെക്കൻഡറി വിഭാഗം അനുവദിച്ചത്. കേരളത്തിൽ പ്രീഡിഗ്രി പൂർണമായി നിർത്തലാക്കി സ് കൂളുകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ച വർഷമായിരുന്നു അത്. കംപ്യൂട്ടർ സയൻസ്, ബയോളജി, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് ഗ്രൂപ്പുകളായിരുന്നു അന്ന് അനുവദിച്ചിരുന്നത്. സ്കൂളിന്റെ പ്രധാന അധ്യാപികയായിരുന്ന സരസ്വതിയമ്മ യായിരുന്നു ഹയർ സെക്കൻഡറിയുടെ പ്രഥമ പ്രധാനാധ്യാപിക.
ഹൈസ്കൂളിന്റെ ഭാഗമായിരുന്ന ഹയർ സെക്കൻഡറി വിഭാഗത്തെ സർക്കാർ 2001ൽ പ്രത്യേക വിഭാഗമാക്കി ഉത്തരവിറക്കുകയും ഹയർ സെക്കൻഡറി പ്രധാന അധ്യാപികയ്ക്ക് പ്രിൻസിപ്പൽ പദവി നൽകുകയും ചെയ്തു. ആദ്യത്തെ പ്രിൻസിപ്പൽ ഇൻ ചാർജായി സരസ്വതിയമ്മ ടീച്ചറിനുതന്നെ ചുമതല നൽകി. ആദ്യ ബാച്ചിൽ മൂന്ന് ഗ്രൂപ്പുകളിലുമായി 110 വിദ്യാർഥികളും 11 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. ഹൈസ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ ആരംഭിച്ച ക്ലാസുകൾ പിന്നീട് എതിർവശത്തെ കെട്ടിടത്തിലേക്കു മാറ്റി. അധികൃതരുടെയും പിടിഎയുടെയും നാട്ടുകാരുടെയും പരിശ്രമഫലമായി 2003ൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പുതിയ കെട്ടിടം തുറന്നുകൊടുത്തു. 2011ൽ സ്കൂളിന് കൊമേഴ്സ് ഗ്രൂപ്പും അനുവദിച്ചു.
എൻസിസി, എൻഎസ്എസ്, സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് സെൽ, വിമുക്തി ക്ലബ്, കൺസ്യൂമർ ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ വിവിധ ക്ലബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. നിലവിൽ പ്രിൻസിപ്പൽ എസ്. ജയന്തിയുടെ കീഴിൽ 17 അധ്യാപകരും മൂന്നു നോൺ-ടീച്ചിംഗ് സ്റ്റാഫും 300 വിദ്യാർഥികളുമാണ് ഹയർ സെക്കൻഡറി വിഭാഗത്തിലുള്ളത്.
ആഘോഷ പരിപാടികൾ
രജതജൂബിലി ആഘോഷങ്ങൾ നാലിന് വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ടി.സി. സുനിൽകുമാർ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി പ്രതിഭകളെ ആദരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെംബർ പി.ഡി. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.
11ന് രാവിലെ 10ന് സമാപനസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം പ്രഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷനാകും.