ദാ.. പടമെടുത്തു വരാം എന്നു പറയാതെ ഒരു പോക്ക്
1596344
Thursday, October 2, 2025 11:55 PM IST
എം.ജെ. ജോസ്
ചില നേരം പെട്ടന്നാണ് ഫോൺ റിംഗിംഗിനു പിന്നാലെ കിട്ടിയ വിവരത്തിന്റെ പേരിൽ അദ്ദേഹം എഴുന്നേൽക്കുന്നത്. പിന്നെ കാമറയും ലെൻസുമുള്ള ബാഗ് തൂക്കി ഒരു പോക്കാണ്. ഒരു പടമെടുത്ത് ഇപ്പോ വരാം... പോകുന്ന പോക്കിൽ ചെറുപുഞ്ചിരിയോടെ പറയും. ഇനിയിതാ തിരിച്ചുവരാമെന്നു പറയാതെ ഒരു പോക്ക്. മോഹനൻ ചേട്ടൻ ആലപ്പുഴയുടെ ഫോട്ടോയെടുത്തയാളാണ്.
ആലപ്പുഴയുടെ തുടിപ്പുകൾ ആവോളം അദ്ദേഹം പകർത്തി. ഏതെല്ലാം പാർട്ടിക്കാർ, മന്ത്രിമാർ, സംഘാടകർ, സംഭവങ്ങൾ, കുറ്റകൃത്യങ്ങൾ, കുറ്റവാളികൾ, മത്സരങ്ങൾ, കലാപ്രകടനങ്ങൾ, സങ്കടങ്ങൾ, സംഘർഷങ്ങൾ എന്തെല്ലാം അദ്ദേഹത്തിന്റെ കാമറാക്കണ്ണിലൂടെ പതിഞ്ഞു മാറി. അവസാനമിതാ കാലത്തിന്റെ കാമറാക്ലിക്കിൽ പതിഞ്ഞു മോഹനൻ ചേട്ടനും പടമായി അണിയറയിലേക്ക്.
എല്ലാറ്റിനോടും നിസംഗതയായിരുന്നു അദ്ദേഹത്തിന്. എന്തെല്ലാം കണ്ടു, കേട്ടു. എല്ലാമിങ്ങനെ ആരുടെയോ ചരടനക്കം പോലെയെന്ന ഭാവം. അദ്ദേഹത്തിന്, ആരോടും പരിഭവമില്ല. ഞാനിങ്ങനെയൊക്കെയാണ് എന്ന മട്ടിൽ തന്റെ കാര്യമായ ഫോട്ടോപിടിത്തത്തിൽ വ്യാപൃതനായി ഒരു സൗമ്യജീവിതം.
വേദികളിലും വേളകളിലും നെഞ്ചോടു ചേർത്തുപിടിച്ച കാമറയുയർത്തി രണ്ട് പടമെടുത്ത് ഒതുക്കത്തിൽ തന്റെ ഇലക്ട്രിക് സ്കൂട്ടറിൽ പിൻവലിയുന്ന മോഹനൻ ചേട്ടനെ പറ്റി ഇങ്ങനെയൊരു കുറിപ്പ് അദ്ദേഹത്തിന്റെ പടങ്ങൾ പതിക്കുന്ന പേജിൽ എഴുതേണ്ടി വരുമെന്ന് ആരറിഞ്ഞു? അദ്ദേഹത്തിന്റെ മുന്നിലേക്കെത്തിയ മരണത്തെയും നിസംഗനായി ഒന്നുനോക്കി ചിരിച്ചുകാണും.
മരണം ഒന്നു പതറിക്കാണും. അതാണ്, ആദ്യം മരണവാർത്തയും പിന്നെ സ്ഥരീകരണമില്ലാതെ വീണ്ടും ഒരു ബ്രേക്ക്. ഒടുവിൽ അദ്ദേഹം മരണത്തോടൊത്തു പോയി. ആരുടെ, എന്തു പടമെടുക്കാൻ എന്നറിയാത്തതിനാലാവാം, ഈ പോക്കിൽ അദ്ദേഹം പറഞ്ഞില്ല; ഞാൻ ദാ.. വരാമെന്ന്.
മാർക്ക് ട്വൈൻ പറഞ്ഞ വകുപ്പിൽ പെട്ടയാളായിരുന്നു മോഹനൻ ചേട്ടൻ.
ജീവിതത്തിൽനിന്നാണ് മരണഭയം ഉണ്ടാകുന്നത്. പൂർണമായി ജീവിക്കുന്ന ഒരു മനുഷ്യൻ എപ്പോൾ വേണമെങ്കിലും മരിക്കാൻ തയാറാണ്. തന്റെയിടത്തിൽ പൂർണമായി ജീവിച്ചാണ് മോഹനൻ ചേട്ടൻ പെട്ടെന്നു പടമെടുക്കാനെന്ന വണ്ണം ഞങ്ങൾ സഹപ്രവർത്തകരെ വിട്ടുപോയത്. പടമിട്ടിട്ടുണ്ട് എന്നു വിളിച്ചുപറയാൻ ആളില്ലല്ലോ എന്നതാണ്, ഇപ്പോൾ സങ്കടം. ഒന്നുമിണ്ടാതെ പറയാതെ വല്ലാതെ ഒരുപോക്കായല്ലോ ഇത്. വിട...