മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് ഇന്നു കുറവിലങ്ങാട് ഇടവകയിൽ സ്വീകരണം
1416064
Friday, April 12, 2024 10:49 PM IST
കുറവിലങ്ങാട്: സീറോ മലബാർ സഭയിലെ ആദ്യ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന ദേവാലയമായ മർത്ത്മറിയം അർക്കദിയാക്കോൻ ഇടവകയിലേക്ക് സഭാ തലവൻ ഇന്നെത്തും. സഭാതലവൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന് ഇന്ന് കുറവിലങ്ങാട് ഇടവക സ്വീകരണം നൽകും.
സഭാതലവനായ ശേഷം ആദ്യമായി ഇടവകയിലെത്തുന്ന മേജർ ആർച്ച്ബിഷപ്പിന് ഹൃദ്യമായ വരവേൽപ്പാണ് ഇടവക ഒരുക്കിയിട്ടുള്ളത്. രണ്ട് ദിനങ്ങളിലായാണ് ഔദ്യോഗിക സന്ദർശനം ക്രമീകരിച്ചിട്ടുള്ളത്.
ഇന്ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും ജപമാലപ്രദക്ഷിണവും. ആറിന് മേജർ ആർച്ച്ബിഷപ്പിന് ദേവാലയത്തിൽ സ്വീകരണം. തുടർന്ന് മാർത്തോമ്മാ നസ്രാണി ഭവനിലെ മുത്തിയമ്മ ഹാളിൽ സ്വീകരണ സമ്മേളനം.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഇടവകാതിർത്തിയിലെ വൈദികരും സന്യസ്തരും പങ്കെടുക്കും. പ്രാതിനിധ്യസ്വഭാവത്തോടെയാണ് ഇടവകാംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
നാളെ രാവിലെ ഏഴിന് സഭാതലവന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. തുടർന്ന് ഇടവകയിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ സഭാതലവനെ സന്ദർശിക്കും. മൂന്നിന് പള്ളിയോഗവും ചേരും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിലിന്റെ നേതൃത്വത്തിൽ വൈദികരും പള്ളിയോഗം പ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും ഉൾക്കൊള്ളുന്ന കമ്മിറ്റിയാണ് സ്വീകരണത്തിന് നേതൃത്വം നൽകുന്നത്.