പ്രളയ, ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
1568966
Friday, June 20, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട സ്ഥലങ്ങളിലെ കാലവസ്ഥാ വ്യതിയാനം, ദുരന്ത സാധ്യതകള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് ഹ്യൂമന്‍ സെന്റര്‍ ഫോര്‍ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി കല്‍പ്പറ്റ, വയനാട് ടീം ബ്ലോക്ക് പഞ്ചായത്ത് കാര്യലയത്തില്‍ സന്ദര്‍ശനം നടത്തി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രളയവും ഉരുൾപൊട്ടലും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇതിന്റെ സാധ്യതകൾ മുൻകൂട്ടി മനസിലാക്കാനുള്ള പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയിരിക്കുന്നത്. ഓരോ ദിവസവും ഉണ്ടാകുന്ന മഴയുടെ അളവ് കൃത്യമായി കണ്ടെത്തുകയും ഭൂമിയുടെ ഘടന മനസിലാക്കുകയും ചെയ്യുക വഴി ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനാകുമെന്ന് ഹ്യൂമൻ സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി അധികൃതർ പറഞ്ഞു.
മഴയുടെ അളവ് കണ്ടെത്താൻ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്ഥലങ്ങളിൽ മഴമാപിനികൾ സ്ഥാപിക്കണം. ഇതു വഴി ഓരോ ദിവസവും പെയ്യുന്ന മഴയുടെയും ഒരു വർഷം പെയ്യുന്ന ആകെ മഴയുടെയും അളവ് കണ്ടെത്താനാകും. ഇങ്ങനെ ശേഖരിക്കുന്ന കണക്കുകൾവഴി അതിതീവ്ര മഴയടക്കം പെയ്യുന്ന പ്രദേശങ്ങൾ മനസിലാക്കുകയും ഭൂമിയുടെ ഘടനയുടെകൂടി അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽസാധ്യത സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ കഴിയും.
കൃഷിക്കാരടക്കമുള്ള പൊതുജനങ്ങളുടെ പങ്കാളിത്തവും പദ്ധതി നടപ്പാക്കാൻ വേണ്ടിവരും. പദ്ധതി നടപ്പിലായാൽ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്കടക്കം ഇത് പ്രയോജനം ചെയ്യും. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് സമാന രീതിയിൽ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതിക സഹായമായിരിക്കും നൽകുകയെന്ന് ഹ്യൂമൻ സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി അധികൃതർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു.
പ്രോജക്ട് ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ്, അംഗങ്ങളായ എ.ആര്. രഞ്ജിനി, ഹ്യദ്യ രേവതി, നിബിന് നൈജു, അന്‍സാബ് അമാന്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനന്, ഷക്കീല നസീര്‍, ജോയിന്റ് ബിഡിഒ ടി.ഇ. സിയാദ്, വനിതാ ക്ഷേമ ഓഫീസര്‍ സി. പ്രശാന്ത്, സ്വരുമ ഭാരവാഹികളായ റിയാസ് കാള്‍ട്ടക്സ്, ജോയി മുണ്ടാംപള്ളി എന്നിവര്‍ പങ്കെടുത്തു.