വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്ന് ദീപിക - സീക്ക് അക്കാഡമിക് എക്സലന്‍സ് അവാര്‍ഡ്ദാനം
1568718
Friday, June 20, 2025 12:20 AM IST
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠന രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്ന് ദീപിക സീക്ക് അക്കാഡമിക്ക് എക്സലന്‍സ് അവാര്‍ഡ്ദാനം ആദരം-2025. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനും അക്കാഡമിക് രംഗത്തെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുമാണ് എസ്എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമ്മേളനം സംഘടിപ്പിച്ചത്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ രാജ്യത്തെക്കുറിച്ച് നല്ല സ്വപ്നങ്ങളും ജീവിതത്തെക്കുറിച്ച് പ്രതീക്ഷകളും ഉള്ളവരാകണമെന്ന് ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. ജീവിതവിജയം നേടാന്‍ നല്ല അച്ചടക്കവും മൂല്യബോധവും ദൈവവിശ്വാസവും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍ ആമുഖപ്രസംഗം നടത്തി. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ദീപിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്ആര്‍) കോര ജോസഫ്, ദീപിക എജിഎം ആൻഡ് പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട്, ദീപിക എജിഎം ജോസഫ് ജോസഫ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. ടോംസണ്, ദീപിക ഫ്രണ്ട്സ് ക്ലബ് അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ്കുട്ടി നെടുമ്പറമ്പില്‍, ചലച്ചിത്രതാരം കൃഷ്ണപ്രസാദ്, ദീപിക സര്‍ക്കുലേഷന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ വര്‍ഗീസ് ഡൊമനിക്, ദീപിക ഫ്രണ്ട്സ്ക്ലബ് അതിരൂപത പ്രസിഡന്റ് ആന്റണി മലയില്‍, ദീപിക ഫ്രണ്ട്സ്ക്ലബ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, സീക്ക് ലിമിറ്റഡ് കരിയര്‍ കണ്‍സള്‍ട്ടന്റ് ജിബിന്‍ ബിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. നൂറുകണക്കിനു വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.