പ്ലസ് വൺ പ്രവേശനോത്സവം : പെൺകുട്ടികളെ വരവേറ്റ് എസ്ബി സ്കൂൾ
1568662
Thursday, June 19, 2025 7:15 AM IST
ചങ്ങനാശേരി: ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോട്ടയം ജില്ലയിലെ ഏറ്റവും വലിയ സ്കൂളായ എസ്ബി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലേക്ക് പെണ്‍കുട്ടികളെത്തിയത് ആവേശവും ആഹ്ലാദവുമായി. ആറു ബാച്ചുകളിലേക്ക് പ്രവേശനം ലഭിച്ച എഴുപത് പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ ഹൃദ്യമായ വരവേല്‍പ്പാണ് ഒരുക്കിയത്. അധ്യാപകരും വിദ്യാര്‍ഥികളും പിടിഎ ഭാരവാഹികളും ചേര്‍ന്ന് നവാഗതരായ വിദ്യാര്‍ഥിനികളെ സ്വാഗതം ചെയ്തു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം അതിരൂപത വികാരിജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ടോണി ചെത്തിപ്പുഴ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍, ഹെഡ്മാസ്റ്റര് വിനോദ് ബാബു, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടെസാ വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ട്വിങ്കിള്‍ പി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മാറിവരുന്ന കാലത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞാണ് സ്കൂള്‍ മാനേജ്മെന്റ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അഡ്മിഷന് സമയത്ത് ധാരാളം പെണ്‍കുട്ടികള്‍ അപേക്ഷ നല്‍കിയെങ്കിലും അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് ബാച്ചുകളിലായി എഴുപതോളം വിദ്യാര്‍ഥിനികളാണ് പ്രവേശനം നേടിയത്.
ചങ്ങനാശേരി അതിരൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ സ്കൂള്‍ 135-ാം വര്‍ഷത്തിന്റെ നിറവിലാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗം ആരംഭിച്ചിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്.