കുറുമ്പനാടം മുക്കാട്ടുകുന്ന്-പാലച്ചുവട് റോഡിന്റെ ശോച്യാവസ്ഥ: ജനകീയസമിതി റോഡ് ഉപരോധിച്ചു
1568379
Wednesday, June 18, 2025 6:58 AM IST
കുറുമ്പനാടം: മുക്കാട്ടുകുന്ന്-പാലച്ചുവട് റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് റോഡ് ഉപരോധിച്ചു. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഈ റോഡിലൂടെയുള്ള വാഹനസഞ്ചാരവും കാല്നടപ്പും ഏറെ ദുരിതപൂര്‍ണമാണ്.
മാടപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡിലൂടെ കടന്ന് വാകത്താനം പഞ്ചായത്തിലെ പാലച്ചുവട് ജംഗ്ഷനിലെത്തുന്ന റോഡിന് 1.750 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ റോഡിന്റെ അരികിലുള്ള തോടിന്റെ വശത്തുള്ള കല്‍ക്കെട്ട് പലഭാഗത്തും ഇടിഞ്ഞ നിലയിലാണ്.
പി.സി. സാജുമോന്‍ ഉദ്ഘാടനം ചെയ്തു. തോമസ് തൂമ്പുങ്കല്‍, സണ്ണിച്ചന് മുതിരക്കളം, സോണി കടന്തോട്, ജോര്‍ജുകുട്ടി കിഴക്കേവീട്ടില്‍, ജോമോന് തൂമ്പുങ്കല്‍, ജിമ്മിച്ചന്‍ കുംഭവേലി എന്നിവര്‍ പ്രസംഗിച്ചു.
റോഡ് നിര്‍മാണത്തിന് ടെന്‍ഡറായി
മുക്കാട്ടുകുന്ന്-പാലച്ചുവട് റോഡിന്റെ നവീകരണത്തിനായി 48.5 ലക്ഷം രൂപ അനുവദിച്ച് ടെന്‍ഡർ നടപടികള്‍ പൂര്‍ത്തിയായതായും മഴമാറുന്നതോടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.