റോഡില്‍ കളിവള്ളമിറക്കി പ്രതിഷേധിച്ചു
1567972
Tuesday, June 17, 2025 3:17 AM IST
പെരുവ: വര്‍ഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത രീതിയില്‍ താറുമാറായിക്കിടക്കുന്ന വെള്ളൂര്‍ റെയില്‍വേ സ്റ്റേഷന് ചെക്ക്പോസ്റ്റ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡില്‍ കളിവള്ളമിറക്കി പ്രതിഷേധിച്ചു. അപകടകരമായ കുഴികളും വെള്ളക്കെട്ടുംമൂലം നൂറുകണക്കിനാളുകള്‍ യാത്ര ചെയ്യുന്ന റോഡ് ദുരിതമായി മാറിയിരിക്കുകയാണ്.
റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി വെള്ളൂര്‍ ഹോളി ഫാമിലി പള്ളി കെസിസി യൂണിറ്റിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. പള്ളിയിലെ മറ്റു സംഘടനകളുടെയും അംഗങ്ങള്‍ സമരത്തില്‍ പങ്കെടുത്തു.
റോഡില്‍ കളിവള്ളങ്ങള്‍ ഇറക്കിയും ചെടികള്‍ നട്ടുമാണ് പ്രതിഷേധമറിയിച്ചത്. കെസിസി യൂണിറ്റ് പ്രസിഡന്റ് സാലസ് കുറ്റിയാംകോണത്തും ഭാരവാഹികളും സമരപരിപാടിക്കു നേതൃത്വം നല്കി. ഫാ. സ്റ്റീഫന്‍ കുളക്കാട്ടുകുടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
എംപി ഫണ്ടില്‍നിന്ന് റോഡ് നിര്‍മാണത്തിനാവശ്യമായ തുക നേരത്തേ അനുവദിച്ചിട്ടുള്ളതും റെയില്‍വേ കരാറുകാരനെ പണികള്‍ ഏല്‍പ്പിച്ചിട്ടുള്ളതുമാണ്. ഏറെക്കാലമായിട്ടും റോഡിന്റെ പണികള്‍ നടക്കുന്നില്ല. മഴക്കാലമായതോടെ റോഡിലെ വെള്ളക്കെട്ട് കാല്‍നട യാത്രപോലും പറ്റാത്ത വിധത്തിലാക്കിയിരിക്കു കയാണ്.
ഇരുചക്ര വാഹനയാത്രികർ വെള്ളക്കെട്ടില്‍ വീണ് പരിക്കേല്‍ക്കുന്നതും പതിവായി. റോഡ് നന്നാക്കാന്‍ റെയില്‍വേയുടെയും പഞ്ചായത്തിന്റെയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്നും അടിയന്തര നടപടിയുണ്ടാകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.