പൂവന്തുരുത്ത് ലക്ഷംവീട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
1567971
Tuesday, June 17, 2025 3:17 AM IST
പൂവന്തുരുത്ത്: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന പൂവന്തുരുത്ത് ലക്ഷം വീട് ഭാഗത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി പൂവന്തുരുത്ത് ലക്ഷംവീട് കുടിവെള്ള പദ്ധതി. പള്ളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഴിമറ്റം ഡിവിഷനില്‍ പനച്ചിക്കാട് പഞ്ചായത്ത് 21-ാം വാര്‍ഡിലാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. പദ്ധതിയിലൂടെ 20 കുടുംബങ്ങള്‍ക്കും കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കുമാണ് കുടിവെള്ളം ലഭ്യമാകുന്നത്. ഡിവിഷന് ഫണ്ടില്‍നിന്ന് 7,75,000 രൂപ കോട്ടയം ഭൂജലവകുപ്പില്‍ നിക്ഷേപിച്ചാണ് പദ്ധതി നടപ്പാക്കിയത്.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് പൂവന്തുരുത്ത് ലക്ഷംവീട് മൈതാനിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിവിഷന് മെംബറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രജനി അനില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സിബി ജോണ്‍ കൈതയില്‍, പഞ്ചായത്തംഗങ്ങളായ വാസന്തി സലിം, മഞ്ജു രാജേഷ്, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ ഷാജി ഉതുപ്പാന്, പി.കെ. കൃഷ്ണന്, ജെയ് പി. പോള്‍, പദ്ധതി സമിതി സെക്രട്ടറി ബിജു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.