പ്രളയദുരിതം പേറി വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്
1567861
Tuesday, June 17, 2025 12:08 AM IST
കോട്ടയം: മഴക്കാലം കോട്ടയം നഗരപ്രാന്തത്തിലും കുട്ടനാട്ടിലും താമസിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ദുരിതകാലമാണ്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ദുരിതം നിറഞ്ഞ ക്യാമ്പുകളിലേക്ക് പോകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത്.
കൂലിവേലക്കാരും ചെറുകിടക്കാരുമാണ് വെള്ളക്കെടുതിയുടെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നത്. വീട്ടിലുള്ള വിലപിടിച്ച സാധനകളും പാത്രങ്ങളും വെള്ളം കയറാത്തയിടങ്ങളില് സൂക്ഷിച്ചശേഷമാണ് വരവ്. ഇലക്ട്രോണിക് സാധനങ്ങള്‍ നനയാതെ സംരക്ഷിക്കുക ഏറെ ക്ലേശകരമാണ്.
വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് ഏറ്റവും ദുരിതം. തൊഴുത്തുകളില്‍ വെള്ളം കയറുന്നവര്‍ കാലികളെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാര്‍പോളിന്‍ കെട്ടി പാര്‍പ്പിക്കുകയാണ്. വെള്ളക്കെട്ട് രൂപംകൊണ്ടതോടെ ആടിനും പശുവിനും തീറ്റ ശേഖരിക്കുക ഏറെ ദുഷ്കരമായിരിക്കുന്നു.
നായ, പൂച്ച, കോഴി എന്നിവയെ പരിപാലിക്കുന്നതും ഏറെ ദുരിതപൂര്‍ണം. ക്യാമ്പുകളില്‍ കഴിയുന്നതേറെയും കൂലിപ്പണിക്കാരായതിനാല്‍ പല കുടുംബങ്ങളും സാമ്പത്തിക ക്ലേശത്തിലാണ്. ക്യാമ്പുകളില്‍ പൊതുവായി തയാറാക്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ഏക ആശ്രയം.
കൊച്ചുകുട്ടികളും കിടപ്പുരോഗികളുമാണ് ക്യാമ്പുകളില്‍ ഏറ്റവും ദുരിതപ്പെടുന്നത്. ക്യാമ്പുകളില്‍നിന്ന് സ്കൂളുകളില്‍ പോകുന്ന കുട്ടികളുമുണ്ട്.