ബിരുദദാന ചടങ്ങ്: രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്യും
1568120
Tuesday, June 17, 2025 3:28 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ് വ്യാഴാഴ്ച ഐഎഎസ് മുൻ ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. 400 ഓളം വിദ്യാർഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നത്.
കോളജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ രൂപത പ്രോട്ടോസിഞ്ചല്യൂസ് മോൺ. റവ. ഡോ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
കോളജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
നാക്ക് റീ അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ആക്രഡിറ്റേഷൻ ലഭിച്ച അരുവിത്തുറ സെന്റ് ജോർജ് കോളജ് ജില്ലയിൽ കൂടുതൽ ബിരുദധാരികളെ സമൂഹത്തിന് സമ്മാനിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്.
ചടങ്ങിൽ പിജി വിദ്യാർഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഈ വർഷം യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളേയും കാന്പസ് പ്ലെയ്സ്മെന്റ് വഴി ജോലി കരസ്ഥമാക്കിയ വിദ്യാർഥികളേയും ചടങ്ങിൽ ആദരിക്കും.