പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ് നവീകരണം ആരംഭിച്ചു
1567857
Tuesday, June 17, 2025 12:08 AM IST
പാലാ: ടൗണ്‍ ബസ് സ്റ്റാന്‍ഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചു. ടാറിംഗ് തകർന്ന് കുഴിയായ ഭാഗങ്ങളില്‍ പേവിംഗ് ടൈല്‍ വിരിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടത്തുന്നത്.
സ്റ്റാന്‍ഡിൽ പൊന്‍കുന്നം ഭാഗത്തേക്കുള്ള ബസുകള്‍ നിര്‍ത്തുന്ന ഭാഗം പൂർണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. വലിയ കുഴികള്‍ ഇവിടെ രൂപപ്പെട്ടിരുന്നു. കനത്ത മഴയില്‍ കുഴികളില്‍ ചെളിവെള്ളം നിറയുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ബസുകള്‍ കടന്നുപോകുമ്പോള്‍ കുഴികളില്‍നിന്ന് മിറ്റലുകള്‍ തെറിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് പുറത്തേക്കിറങ്ങുന്ന ഭാഗത്തും പേവിംഗ് ടൈലുകള്‍ വിരിക്കുന്നുണ്ട്.
യാത്രക്കാരുടെ നിരന്തര പരാതിയെത്തുടര്‍ന്ന് നഗരസഭാ ചെയര്മാന് തോമസ് പീറ്ററും വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോയും മുന്‍കൈയെടുത്തതോടെയാണ് ബസ് സ്റ്റാന്‍ഡ് നവീകരണം ആരംഭിച്ചത്. അഞ്ചര ലക്ഷത്തോളം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുനിസിപ്പല്‍ എൻജിനിയര്‍ക്കാണ് നിര്‍മാണച്ചുമതല.