ചോര്‍ന്നൊലിക്കുന്ന പമ്പ് ഹൗസ് ടാർപോളിൻകൊണ്ടു മൂടി
1567842
Monday, June 16, 2025 10:45 PM IST
വാഴൂര്‍: ചോര്‍ന്നൊലിക്കുന്ന ഇളംപള്ളി കവലയിലെ പമ്പ് ഹൗസ് മഴക്കാലമായതോടെ വെള്ളം അകത്തു വീഴാതിരിക്കുവാന്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയ നിലയില്‍. കെട്ടിടം തകര്‍ന്നു വീഴുമെന്ന പേടിയില്‍ പമ്പ് ഓപ്പറേറ്റര്‍ മോട്ടോര്‍ ഓണാക്കിയതിനുശേഷം കെട്ടിടത്തിനു പുറത്തിറങ്ങി നില്ക്കുകയാണിപ്പോൾ.
ജലവിതരണ വകുപ്പിന്റെ നെടുംകുന്നം സെക്ഷന്‍ കീഴിലാണ് പതിനേഴാംമൈല്‍ ഇളംപള്ളി തോടിന് സമീപത്തെ പമ്പ് ഹൗസ്. ഇവിടെനിന്നാണ് വാഴൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. അകത്ത് ജീവനക്കാരുള്ള സമയത്ത് കെട്ടിടം നിലംപൊത്തിയാല്‍ വലിയ അപകടമുറപ്പാണ്.
പമ്പ് ഹൗസിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. എത്രയും വേഗം പമ്പ് ഹൗസിന് പുതിയ കെട്ടിടം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.