വികസനം കാത്ത് നാലുകോടി, പായിപ്പാട് ജംഗ്ഷനുകള്‍
1567979
Tuesday, June 17, 2025 3:17 AM IST
ചങ്ങനാശേരി: വികസനം കാത്തുകഴിയുന്ന നാലുകോടി ജംഗ്ഷനില്‍ കനത്ത വെള്ളക്കെട്ട്. പായിപ്പാട് റോഡില്‍നിന്നും റോഡിന്റെ വശത്തുകൂടി ഒഴുകുന്ന വെള്ളം ജംഗ്ഷനിലെത്തുമ്പോള്‍ റോഡിന്റെ മധ്യത്തിലൂടെ കവിഞ്ഞ് വശത്തുള്ള ഞാലിക്കടവ് റോഡിലേക്ക് ഒഴുകുകയാണ്.
വെള്ളം ഒഴുകുന്നതിന് ഡ്രെയിനേജ് സൗകര്യങ്ങളൊന്നും നാലുകോടി ജംഗ്ഷനിലില്ല. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടിലേക്ക് പതിക്കുമ്പോള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോകളിലേക്കും കാല്‍നടയാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും മലിനജലം തെറിക്കുന്നത് പതിവാണ്.
റോഡിലേക്ക് വന്‍തോതില്‍ വെള്ളം ഒഴുകിയെത്തി ജംഗ്ഷനില്‍ വെള്ളക്കെട്ടുണ്ടാകുന്നതായി പരാതി ഉയര്‍ന്നിട്ടും പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് ഉദ്യോഗസ്ഥരോ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല.
റോഡുകളുടെ നിര്‍മാണം നിലച്ചു; ജംഗ്ഷനുകളുടെ വികസനം മരവിച്ചു
ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി നാലുകോടി, പായിപ്പാട് കവലകളുടെ വികസനം ലക്ഷ്യം വച്ചിരുന്നെങ്കിലും റോഡ് നിര്‍മാണം നിര്‍ദേശിക്കപ്പെട്ടിരുന്ന അവസ്ഥയില്‍ പൂര്‍ത്തിയാകാതിരുന്നതോടെ ജംഗ്ഷനുകളുടെ വികസനവും നിലയ്ക്കുകയായിരുന്നു.
എന്‍എച്ച്-183 (എംസി റോഡ്)ല്‍ തിരുവല്ലയ്ക്കു സമീപം ആരംഭിക്കുന്ന പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസ് കടന്നുപോകുന്ന പ്രധാന ജംഗ്ഷനുകളില്‍ ഒന്നാണ് ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്ന നാലുകോടി ജംഗ്ഷന്. നൂറുകണക്കിനു വാഹനങ്ങള്‍ അനുദിനം കടന്നുപോകുന്ന ഈ ജംഗ്ഷന്റെ നവീകരണത്തിനായി ഇവിടുത്തെ ഒരു തണല്‍മരം നാലുവര്‍ഷം മുമ്പ് മുറിച്ചുമാറ്റിയിരുന്നു.
ചങ്ങനാശേരി-കവിയൂര്‍, തിരുവല്ല-മല്ലപ്പള്ളി റോഡുകള്‍ കടന്നുപോകുന്ന ഏറെ തിരക്കുള്ള പായിപ്പാട് കവലയുടെ അവസ്ഥയും പരിതാപകരമാണ്. ഈ കവലയിലെ റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കവിയൂര്‍ റോഡിന്റെയും തിരുവല്ല-മല്ലപ്പള്ളി-നൂറോമ്മാവ് റോഡിന്റെയും വികസനത്തിന്റെ ഭാഗമായി പായിപ്പാട് കവല വികസിപ്പിക്കാനായിരുന്നു പദ്ധതി.
എന്നാല്‍, രണ്ടു പദ്ധതികളും നിശ്ചലമായതോടെയാണ് പായിപ്പാട് കവലയുടെ വികസം മുരടിച്ചത്. ഇതരസംസ്ഥാന തൊഴിലാഴികള്‍ തിങ്ങിപ്പാര്‍ക്കുന്ന നാടെന്ന പേരുള്ള സ്ഥലംകൂടിയാണ് പായിപ്പാട്. ഈ രണ്ട് ജംഗ്ഷനുകളുടെയും വികസനത്തിന് സത്വര നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.