നഗരത്തിലെ ഗതാഗതക്കുരുക്ക്: പോലീസ് ഏർപ്പെടുത്തിയ പരിഷ്കാരം ആരംഭിച്ചു
1567980
Tuesday, June 17, 2025 3:17 AM IST
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പോലീസ് ഏര്‍പ്പെടുത്തിയ പരിഷ്കാരം ആരംഭിച്ചു. എന്നാല്‍, ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ തിരക്കു കുറവായിരുന്നു. അതിനാൽ, പരീക്ഷണം എത്രത്തോളം വിജയമാണെന്നറിയാന് സാധിച്ചില്ല. രണ്ടോ മൂന്നോ ദിവസം കൊണ്ടേ വിജയ സാധ്യതയറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
ചാലുകുന്ന് ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ശാസ്ത്രി റോഡ് വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന തരത്തിലാണ് പരിഷ്കാരം. ബേക്കര്‍ ജംഗ്ഷനുസമീപം ആളെയിറക്കി എംസി റോഡ് വഴി സീസേഴ്സ് ജംഗ്ഷനിലൂടെയാണ് ബസുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ എത്തിയിരുന്നത്. പുതിയ പരിഷ്കാരപ്രകാരം കുമരകം, ചുങ്കം, ചാലുകുന്ന് ഭാഗങ്ങളിൽനിന്നു വരുന്ന ബസുകള്‍ ഇന്നലെ രാവിലെ മുതല്‍ ബേക്കര്‍ ജംഗ്ഷനിലെത്തി ശാസ്ത്രി റോഡില്‍ പ്രവേശിച്ച് അവിടെയുള്ള ബസ്സ്റ്റോപ്പിലാണ് ആളുകളെ ഇറക്കിയത്. തുടർന്ന് ബസുകള്‍ കുര്യന് ഉതുപ്പ് റോഡുവഴി നാഗമ്പടം സ്റ്റാന്‍ഡിലെത്തി.
കോട്ടയം വെസ്റ്റ് പോലീസ് എസ്എച്ച്ഒ, കോട്ടയം ട്രാഫിക് യൂണിറ്റ് ഹൗസ് ഓഫീസര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് എന്നിവർ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം.
അഴിയാനുണ്ട് ഇനിയും കുരുക്കുകള്‍; പരിഷ്കാരങ്ങള്‍ വേണം
സ്കൂള്‍കൂടി തുറന്നതോടെ നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബേക്കര്‍ ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് പാരമ്യത്തിലെത്തിയിരിക്കുന്നത്.
നഗരത്തിലെ തിരക്കു നോക്കി ക്രമീകരണങ്ങള്‍ വരുത്തിയാല്‍ കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.
• ബേക്കര്‍ ജംഗ്ഷനു സമീപം എംസി റോഡില്‍ ശക്തി ഹോട്ടലിനു സമീപം ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്ന ഇറക്കത്തില്‍ യു ടേണ്‍ എടുക്കുന്നത് തടയുക.
• ശക്തി ഹോട്ടലിനു സമീപമുള്ള റോഡില്‍കൂടി വാഹനങ്ങള്‍ കുമരകം റോഡിലേക്കു പ്രവേശിക്കുന്നത് തടയുക.
• ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡില്‍ വലിയ വാഹനങ്ങള്‍ റോഡ് നിറഞ്ഞ് നിര്‍ത്തുന്നത് തടയുക.
• ബേക്കര്‍ ജംഗ്ഷനിലെ ബസ്സ്റ്റോപ്പുകളില്‍ നിശ്ചിത സമയം കഴിഞ്ഞുള്ള ബസുകളുടെ പാര്‍ക്കിംഗ് തടയുക
• പുതിയ പരിഷ്കാരത്തിനൊപ്പം ബേക്കര്‍ ജംഗ്ഷനില്‍ ശക്തി ഹോട്ടലിനു സമീപമുള്ള ബസ് സ്റ്റോപ്പ് എംസി റോഡില്‍കൂടി ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്കായി ക്രമീകരിക്കുക.
• ബസ്സ്റ്റോപ്പുകള്‍ക്ക് സമീപം നിര്‍ത്തിയിട്ട് ഓട്ടോറിക്ഷകള്‍ ഓട്ടം പിടിക്കുന്നത് തടയുക.
• നാഗമ്പടത്തുനിന്നു പുറപ്പെടുന്ന ബസുകളുടെ ടൗണില്കൂടിയുള്ള നിരക്കല്‍ അവസാനിപ്പിക്കുക.