കാൽനടയാത്രക്കാർക്ക് ഭീഷണിയായി മരത്തടികൾ
1567847
Tuesday, June 17, 2025 12:08 AM IST
വാഴൂർ: ദേശീയപാത 183ൽ ഇളംപള്ളി കവലയിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ കാൽനടയാത്രക്കാർ ദുരിതമാകുന്നു.
ഇളംപള്ളി കവലയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം ഒരു മാസം മുമ്പ് പുറമ്പോക്കിലെ പ്ലാവ് റോഡിലേക്കു വീണപ്പോൾ അഗ്നിരക്ഷാസേന മുറിച്ചുമാറ്റിയ മരങ്ങളുടെ അവശിഷ്ടങ്ങളും ചില്ലകളുൾപ്പെടെയുള്ള ഭാഗങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് ഇപ്പോൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായിരിക്കുകയാണ്. തടികൾ കിടക്കുന്നതിനാൽ റോഡിലൂടെ നടക്കേണ്ട സ്ഥിതിയിലാണ് കാൽനടയാത്രക്കാർ. ഇളംപള്ളി കവലയിലെ വളവ് തിരിഞ്ഞ് വേഗത്തിലെത്തുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ ഇടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്ന മരത്തടികൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.