ഞീഴൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണം; നാല് ആടുകള്‍ ചത്തു
1568372
Wednesday, June 18, 2025 6:48 AM IST
ഞീഴൂര്‍: ഞീഴൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നാല് ആടുകള്‍ ചത്തു. നിരവധി ആടുകള്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഒന്നാം വാര്‍ഡിലെ കളപ്പുരപ്പറമ്പില് തങ്കച്ചന്റെ നാല് ആടുകളെയാണ് നായ്ക്കള്‍ കടിച്ചു കൊന്നത്.
ഒരാഴ്ച മുമ്പ് 13, 14 വാര്‍ഡുകളിലെ മ്യാലില്കരോട്ട് സന്തോഷിന്റെ ആടിനെയും പാറശേരി ജോയിയുടെ രണ്ട് ആടുകളെയും നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. ഈ ദിവസങ്ങളില്‍ പലയിടത്തായി നിരവധി ആടുകള്‍ക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി മുറിവേറ്റത്.
ആടുകളെ വളര്‍ത്തി ജീവിക്കുന്ന നിരവധി കുടുംബങ്ങളാണ് തെരുവുനായ ശല്യത്തില്‍ പ്രതിസന്ധിയിലായത്. പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പഞ്ചായത്ത് പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും അനാസ്ഥയാണ് തെരുവുനായ്ക്കള്‍ പെരുകാനിടയാക്കുന്നതെന്നും അധികൃതര്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. തെരുവുനായ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും ഈ വിഷയം പഞ്ചായത്ത് കമ്മിറ്റിയില്‍ പലതവണ ഉന്നയിച്ചതാണെന്നും പഞ്ചായത്തംഗം ശരത് ശശി പറഞ്ഞു.
എബിസി പ്രോഗ്രാമിന്റെ തുടര്‍ച്ചയില്ലാതെ പോയതാണ് തെരുവുനായ്ക്കള്‍ വര്‍ധിക്കാനിടയാക്കിയത്. സ്കൂള്‍ കുട്ടികള്‍ യാത്രചെയ്യുന്ന പ്രദേശങ്ങളിലുള്‍പ്പെടെ നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.
നായ്ക്കള്‍ കടിച്ചുകൊന്ന ആടുകളുടെ ഉടമസ്ഥര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും അടിയന്തര ധനസഹായം നല്‍കണമെന്നും ശരത് ശശി ആവശ്യപ്പെട്ടു.