കാൽനടയാത്രക്കാർക്ക് കഷ്ടകാലം; റോഡരിക് കണ്ടാൽ കാട് തോറ്റുപോകും
1568141
Wednesday, June 18, 2025 12:03 AM IST
കുറവിലങ്ങാട്: എംസി റോഡിലുൾപ്പെടെ കാൽനടയാത്രക്കാർ റോഡരികിലെ പച്ചിലപ്പടർപ്പുകൾ വകഞ്ഞുമാറ്റി യാത്രനടത്തേണ്ട സ്ഥിതിയിൽ. ഒന്നാംനമ്പർ സംസ്ഥാന ഹൈവേയടക്കം കാടുകയറിയിട്ടും നടപടികളില്ലാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. റോഡരികിലെ പച്ചിലപ്പടർപ്പുകൾ പലയിടങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലേക്കുപോലും പ്രവേശിച്ച് തുടങ്ങിയിട്ടുണ്ട്.
ചിലയിടങ്ങളിൽ സ്വകാര്യ വ്യക്തികളും സംഘടനകളും പാതയോരങ്ങൾ ശുചീകരിച്ചിട്ടുണ്ട്. കാൽനടയാത്രക്കാരേക്കാൾ കൂടുതൽ ഉയരത്തിലാണ് പലസ്ഥലങ്ങളിലും പച്ചിലപ്പടർപ്പുകൾ നിൽക്കുന്നത്.
ഇരമ്പിപ്പായുന്ന വാഹനങ്ങളിൽ നിന്ന് രക്ഷനേടാനായി കാൽനടയാത്രക്കാർ റോഡരികിലേക്ക് മാറിനിൽക്കാൻ ശ്രമിച്ചാലും കഴിയാത്ത സ്ഥിതിയാണ്. ഇഴജന്തുക്കളുടെ സാന്നിധ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.