കുഞ്ഞച്ചന് മിഷനറി ഭവന് അരീക്കരയില്‍ പുതിയ മന്ദിരം
1568139
Wednesday, June 18, 2025 12:03 AM IST
രാമപുരം: അനാഥരുടെയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും ആശ്രയ കേന്ദ്രമായ കുഞ്ഞച്ചന് മിഷനറി ഭവന്റെ ഏഴാമത് കേന്ദ്രം അരീക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാമപുരം വിന്‍സെന്റ് ഡി പോള്‍ സൊസെറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞച്ചന് മിഷനറി ഭവന് രാമപുരം പഞ്ചായത്തില്‍ മൂന്നു കേന്ദ്രങ്ങളും മറ്റത്തിപ്പാറ, കുറുപ്പുന്തറ, പിറവം, അരീക്കര എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങളുമുണ്ട്. ഈ കേന്ദ്രങ്ങളിലായി മുന്നൂറോളം അന്തേവാസികളെയാണ് സംരക്ഷിക്കുന്നത്.
കഴിഞ്ഞ കാല് നൂറ്റാണ്ടിലേറെയായി നിരാലംബരായവര്‍ക്ക് ആശ്രയമായി മാതൃകാപരമായ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കുഞ്ഞച്ചന് മിഷനറി ഭവന്റെ പുതിയ കേന്ദ്രത്തില്‍ ജന്മനാ വൈകല്യമുള്ളവരും ഓട്ടിസം എംആര്‍ ബാധിച്ചവരും നിരാശ്രയരായവരുമായ ഇരുപത് ആളുകളെ പരിപാലിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരീക്കര എറിക്കാട്ട് കുടുംബം സൗജന്യമായി നിര്‍മിച്ചു നല്‍കിയതാണ് ഈ കെട്ടിടം.
അരീക്കര സെന്റ് റോക്കീസ് പള്ളി വികാരി ഫാ. കുര്യന് ചുഴുകുന്നേല്‍ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. കൂത്താട്ടുകുളം ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് കുടിലില്‍, ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, ഡോ. സിന്ധുമോള്‍ ജേക്കബ്, ഉഷ സന്തോഷ്, അഡ്വ. ബിജു പുന്നത്താനം, സണ്ണി പുതിയിടം, കോ-ഓര്‍ഡിനേറ്റര്‍ ബിനോയി ജയിംസ് ഊടുപുഴ എന്നിവര്‍ പങ്കെടുത്തു.