ദീപികയെ നെഞ്ചിലേറ്റിയ മോൻസിച്ചായൻ മടങ്ങി; മോൻസിക്കടവ് മൂകമായി
1568147
Wednesday, June 18, 2025 12:03 AM IST
സ്വന്തം ലേഖകൻ
കോട്ടയം: ഒരു തൊഴിൽ എന്ന നിലയിലും വരുമാനം എന്ന നിലയിലും പത്രത്തിന്റെ ഏജൻസി എടുക്കുന്നവരാണ് എല്ലാവരുംതന്നെ. എന്നാൽ, അവരിൽനിന്നു തികച്ചും വ്യത്യസ്തനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പള്ളം നങ്ങച്ചിവീട്ടിൽ ആന്റണി ജോസഫ് എന്ന നാട്ടുകാരുടെ മോൻസിച്ചായൻ. ദീപികയോടുള്ള സ്നേഹത്തെപ്രതി പത്രം വായിക്കാൻ കിട്ടാൻ വേണ്ടി മാത്രം ദീപികയുടെ ഏജൻസി എടുത്തയാളാണ് മോൻസിച്ചായൻ.
പതിനഞ്ചു വർഷങ്ങൾക്കു മുന്പ് ദീപികയുടെ ഏജൻസിയിൽ ചില തടസങ്ങളുണ്ടായി ഇവർ താമസിക്കുന്ന പ്രദേശത്തു ദീപിക പത്രം കിട്ടാൻ ബുദ്ധിമുട്ട് വന്നു. പല രീതിയിലും ശ്രമിച്ചിട്ടും പത്രം കൃത്യമായി കിട്ടാതെ വന്നതോടെ മോൻസിച്ചായൻ സ്വന്തം നിലയിൽ ദീപികയുടെ ഏജൻസി എടുക്കാൻ തീരുമാനിച്ചു. സമീപവാസികളായ ചില സുഹൃത്തുക്കളെയും വരിക്കാരായി കൂട്ടി. അങ്ങനെ അഞ്ചു പത്രത്തിന്റെ ഏജൻസിക്കു തുടക്കമിട്ടു. ഇങ്ങനെ വരുത്തിയ പത്രം വിതരണം ചെയ്യുന്നവരെ ഏല്പിച്ച് ഈ വീടുകളിൽ എത്തിക്കുകയായിരുന്നു. കുറെക്കാലത്തിനു ശേഷം അദ്ദേഹം ഏജൻസിയുടെ നടത്തിപ്പ് മറ്റൊരു ഏജന്റിനെ ഏൽപ്പിച്ചു.
കൈനകരിയിൽനിന്നുവന്നു പള്ളം ബോർമക്കവലയ്ക്കു സമീപം താമസമാക്കിയ മോൻസിച്ചായൻ മികച്ച കർഷകൻകൂടിയായിരുന്നു. എൺപത്തിനാലാം വയസിലും കൃഷിയിൽ സജീവമായി നിന്നു. കുട്ടനാട്ടിൽ അടുത്ത കാലംവരെ കായൽ കൃഷി ചെയ്തു. കൂടാതെ പള്ളത്ത് നെൽകൃഷി, ഫാം, മീൻ വളർത്തൽ ഉൾപ്പെടെ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കൃഷി ഒാഫീസിലേക്കു പോകവേയാണ് കുഴഞ്ഞുവീണു മരിച്ചത്. ഇദ്ദേഹവും കുടുംബവും താമസിക്കുന്ന സ്ഥലത്തിനു സമീപമുള്ള കടവിന്റെ പേരുതന്നെ മോൻസിക്കടവ് എന്നാണ്.
ചങ്ങനാശേരിയിൽനിന്നു നടത്തുന്ന അൽഫോൻസാ തീർഥാടനത്തിനു പള്ളം സെന്റ് പോൾസ് ഒാർത്തഡോക്സ് പള്ളി പരിസരത്തു വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങളെല്ലാം ചെയ്യാൻ പതിറ്റാണ്ടുകളായി മോൻസിച്ചായൻ നേതൃനിരയിലുണ്ടായിരുന്നു. ഫാ. ജോർജ് നങ്ങച്ചിവീട്ടിൽ (അമേരിക്ക), സിസ്റ്റർ മേരി ഗ്രേസ് സിഎംസി, സിസ്റ്റർ റീമ എംഎസ്ജെ എന്നിവർ സഹോദരങ്ങളാണ്. ഏഷ്യയിലെ മാർത്തോമ്മ സഭകൾ എന്ന പ്രശസ്തമായ ഗ്രന്ഥം രചിച്ച റവ.ഡോ. എൻ.എ. തോമസ് നങ്ങച്ചിവീട്ടിൽ ഇദ്ദേഹത്തിന്റെ പിതൃസഹോദരനാണ്.
സംസ്കാര ശുശ്രൂഷ ഇന്നു രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ എൽസി ആന്റണി കാഞ്ഞിരപ്പള്ളി ഏർത്തയിൽ കുടുംബാംഗം. മക്കൾ: റോസി, മേഴ്സി. മരുമക്കൾ: ബിജു ഡൊമിനിക് നടുവിലേഴം (അബുദാബി, പ്രസിഡന്റ്; കത്തോലിക്ക കോൺഗ്രസ് യുഎഇ), ബിജോയി ജോസ് വെള്ളാമത്ര (അബുദാബി).