വൈക്കം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 70.86 ഏക്കര്‍ മിച്ചഭൂമി കണ്ടെത്തി
1568373
Wednesday, June 18, 2025 6:48 AM IST
വൈക്കം: വൈക്കം താലൂക്കിലെ വടയാര്‍, കുലശേഖരമംഗലം വില്ലേജുകളിലെയും എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കിലെ ഇളംകുളം വില്ലേജിലുമായി 70.86 ഏക്കര്‍ മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവായി. ഇതില്‍ 55.72 ഏക്കര്‍ റബര്‍ത്തോട്ടം അനധികൃത തരംമാറ്റം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാരിലേക്ക് മിച്ചഭൂമിയെന്ന നിലയില്‍ ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗം തീരുമാനിച്ചു.
സമയബന്ധിതമായി ഈ ഭൂമി ഏറ്റെടുക്കാന്‍ വൈക്കം, കണയന്നൂര്‍ തഹസില്‍ദാർമാര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്മാന് നിര്‍ദേശം നല്കി.
ലാന്‍ഡ് ബോര്‍ഡ് യോഗത്തില്‍ കോട്ടയം സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ഡെപ്യൂട്ടി കളക്ടറുമായ എസ്. സനില്‍കുമാര്‍, വൈക്കം തഹസില്‍ദാര്‍ എ.എന്‍. ഗോപകുമാര്‍, ലാന്‍ഡ് ബോര്‍ഡ് അംഗങ്ങളായ എം.ഡി. ബാബുരാജ്, പി.ജി. ത്രിഗുണസെന്, കെ.കെ. ഗണേശന്, ഹെഡ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ ടി.വി. ഷമി, ഓതറൈസ്ഡ് ഓഫീസര്‍ സ്വപ്ന എസ്. നായര്‍, വടയാര്‍ വില്ലേജ് ഓഫീസര്‍ മോളി ദാനിയേല്‍, കുലശേഖരമംഗലം വില്ലേജ് ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.