എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ആദ്യമായി ഇന്നു പെണ്‍കുട്ടികളെത്തും
1568377
Wednesday, June 18, 2025 6:48 AM IST
പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്നാരംഭിക്കും
ചങ്ങനാശേരി: പ്ലസ്ടു ക്ലാസുകള്‍ ഇന്നാരംഭിക്കുമ്പോള്‍ ചങ്ങനാശേരി അതിരൂപത നേരിട്ടു നടത്തുന്ന എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ഇന്ന് ആദ്യമായി പെണ്‍കുട്ടികളെത്തും. അറുപത് പെണ്‍കുട്ടികളാണ് സ്കൂളിലെ ആറ് ബാച്ചുകളിലായി പ്രവേശനം നേടിയിരിക്കുന്നത്. ബയോളജി സയന്‍സ് ബാച്ചിലാണ് കൂടുതല്‍ പെണ്‍കുട്ടികളും പ്രവേശനം നേടിയിരിക്കുന്നത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള സീറ്റുകളുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് മാനേജ്മെന്റ് എസ്ബി സ്കൂളിനെ മിക്സഡാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഇതോടുകൂടിയാണ് ആണ്‍കുട്ടികളുടെ മാത്രം കുത്തകയായിരുന്ന എസ്ബി സ്കൂളിന്റെ കവാടം പെണ്കുട്ടികള്ക്കുകൂടി തുറക്കപ്പെട്ടത്.
1891ല്‍ മെട്രിക്കുലേഷന്‍ ക്ലാസും അതിനു തൊട്ടുതാഴെയുള്ള ഫിഫ്ത് ക്ലാസും (ഇന്നത്തെ പ്ലസ്ടു, പ്ലസ് വണ്‍) ആരംഭിച്ചുകൊണ്ട് തുടക്കംകുറിച്ച എസ്ബി ഹൈസ്കൂള്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ്. പടിപടിയായി വളര്‍ന്ന് സര്‍വകലാശാലയായി മാറണമെന്ന ആഗ്രഹത്തോടെ ബിഷപ് ചാള്‍സ് ലവീഞ്ഞ് സ്ഥാപിച്ചതാണ് ഈ സ്കൂള്‍.
1922ല്‍ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചുകൊണ്ട് എസ്ബി കോളജ് സ്ഥാപിതമായി. സ്കൂളില്‍ നടന്നിരുന്ന മെട്രിക്കുലേഷന്‍ ക്ലാസ് പിന്നീട് കോളജിന്റെ ഭാഗമാവുകയായിരുന്നു. എസ്ബി സ്കൂളിന്റെ വനിതാ വിഭാഗമാണ് എസ്ബിയുടെ സമീപത്തുതന്നെ സെന്റ് ആന്‍സ് സ്കൂളായി വളര്‍ന്നത് .
1998ല്‍ കോളജുകളില്‍നിന്ന് പ്രീഡിഗ്രി ഡീലിങ്ക് ചെയ്തപ്പോഴാണ് എസ്ബി സ്കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ടത്.