ജൈവഭക്ഷണം, സുരക്ഷിത ഭക്ഷണം : ജൈവ കാര്‍ഷിക മേളയുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
1568381
Wednesday, June 18, 2025 6:58 AM IST
മാടപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി മാടപ്പള്ളി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ജൈവകര്‍ഷകര്‍ ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ജൈവകാര്‍ഷിക ഉപാധികള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും നാളെയും 20നും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും.
നാളെ രാവിലെ 10ന് നടത്തുന്ന സമ്മേളനത്തില്‍ ജൈവം-2025ന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ജൈവ പച്ചിലവര്ഗ കൃഷിക്ക് ഉള്‍പ്പെടുത്തിയിട്ടുള്ള "ആരോഗ്യപ്പച്ച'യുടെ ഉദ്ഘാടനം 20ന് ഉച്ചയ്ക്കു 12.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ നിര്‍വഹിക്കും. ആത്മ കോട്ടയത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം, നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക ക്വിസ് മത്സരം എന്നിവയും ഇതോടൊപ്പം നടക്കും.
മികച്ച ജൈവകര്ഷകരെ ചടങ്ങില്‍ ആദരിക്കും. ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്, പഞ്ചായത്ത് അധ്യക്ഷരായ മണിയമ്മ രാജപ്പന്, മോളി ജോസഫ്, ഗീതാ രാധാകൃഷ്ണന്, മിനി വിജയകുമാര്‍, കെ.ഡി. മോഹനന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, സുധാ കുര്യന്, നിബു ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.