ജലനിധി പദ്ധതിയുടെ കുഴിയിൽച്ചാടി കെഎസ്ആർടിസിക്ക് ട്രിപ്പ് മുടക്കം
1568411
Wednesday, June 18, 2025 10:19 PM IST
പൂഞ്ഞാർ: ജലനിധി പദ്ധതിയുടെ ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കാനായി എടുത്ത കുഴികളില്‍ ചാടിയുള്ള അപകടങ്ങള്‍ പതിവാകുന്നു. പൂഞ്ഞാര്‍ തെക്കേക്കര-കൈപ്പള്ളി റോഡിലെ കുഴിയിൽ കെഎസ്ആര്‍ടിസി ബസ് വീണതിനെത്തുടർന്ന് ട്രിപ്പ് മുടങ്ങി.
ഇന്നലെ രാവിലെ 10.30ന് ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്നു കൈപ്പള്ളിക്കു പോയ ബസാണ് വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പയ്യാനിത്തോട്ടത്തിന് സമീപം കുഴിയിലേക്കു താഴ്ന്നത്. മുന്‍വശത്തെ ഇടത് ചക്രം പൂര്‍ണമായും കുഴിയിലേക്ക് ആഴ്ന്നുപോയി. വാഹനം മുന്നോട്ടോ പിന്നോട്ടോ അനക്കാനാവാതെ വന്നതോടെ ട്രിപ്പ് ഉപേക്ഷിക്കുകയായിരുന്നു. 11.30ഓടെ ഡിപ്പോയിലെ സര്‍വീസ് ബസ് എത്തിച്ച് ബസ് പിന്നിലേക്കു വലിച്ചുകയറ്റുകയായിരുന്നു.
റോഡ് വശങ്ങളിലെ കുഴികള്‍ പൈപ്പിട്ട് മൂടി ഉറപ്പിക്കാതെ തുടരുന്നത് കൂടുതല്‍ പ്രതിസന്ധികള്‍ക്കിടയാക്കുകയാണ്. മഴ കനത്തതോടെ പലയിടത്തും പണികള്‍ നിര്‍ത്തിവച്ചു. ഇതോടെ റോഡിന് കുറുകെയും മറ്റും കുഴിച്ചത് അതേപടി തുടരുകയാണ്. കൈപ്പള്ളി റോഡില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ടാറിംഗ് നടത്തിയ റോഡിന്റെ വശങ്ങള് കോണ്‍ക്രീറ്റിംഗ് നടത്തിയിരുന്നു. ഇത് പൂര്‍ണമായും തകര്‍ത്താണ് പൈപ്പ് ലൈന്‍ പണികള്‍ നടക്കുന്നത്.