ആഗോളവത്കൃത സമൂഹത്തിന്റെ അംഗമാകാന്‍ സ്വയം സജ്ജരാകണം: കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി
1568399
Wednesday, June 18, 2025 9:55 PM IST
കാഞ്ഞിരപ്പള്ളി: ആഗോളവത്കൃത സമൂഹത്തിന്റെ അംഗമായി അതിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ വിദ്യാർഥികള്‍ സ്വയം സജ്ജരാകണമെന്ന് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ സാപ്സ് എക്സലന്‍സിയ അവാര്‍ഡ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
ഓരോരുത്തരും അവനവന്റെ കഴിവുകളും നൈപുണ്യങ്ങളും തിരിച്ചറിഞ്ഞ് പഠന, തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കണമെന്നും പ്രകൃതിസ്നേഹമുള്ള ഒരു തലമുറയായി വളര്‍ന്നുവരണമെന്നും പരസ്പരം പിന്തുണച്ചുകൊണ്ട് സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നമ്മുടെ ജീവിത മേഖലകളില്‍ വ്യാപരിക്കണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, പിടിഎ വൈസ് പ്രസിഡന്റ് ശോഭ വര്‍ക്കി, അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ. ജൂബിലന്റ് കിഴക്കേത്തോട്ടം, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, വിദ്യാർഥി പ്രതിനിധികളായ നകുല്‍ സി. അനില്‍, അസ്റ ഫാത്തിമ, നയന കൃഷ്ണകുമാര്‍, കെവിന് ഷിജോ എന്നിവര്‍ പ്രസംഗിച്ചു.
സിബിഎസ്ഇ 10, 12 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് കാഷ് അവാര്‍ഡും മെമന്റോയും നല്കി.