പ്ലാറ്റിനം ജൂബിലിനിറവില്‍ പനമറ്റം ദേശീയവായനശാല
1568434
Wednesday, June 18, 2025 11:30 PM IST
പൊന്‍കുന്നം: പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ പനമറ്റം ദേശീയവായനശാല. സ്വാതന്ത്ര്യസമരവും ദേശീയ പ്രസ്ഥാനവും നല്കിയ ആവേശം ഉള്‍ക്കൊണ്ട അന്നത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് പനമറ്റത്ത് വായനശാലയ്ക്ക് രൂപം നല്‍കിയത്. 1951 മേയ് 27ന് ആണ്ടുമുത്തില് അയ്യപ്പന് നായരാണ് വായനശാല ഉദ്ഘാടനം ചെയ്തത്.
മുടവനാട്ട് കൃഷ്ണന് നായര്‍ സംഭാവനയായി നല്കിയ രണ്ട് സെന്റ് സ്ഥലത്താണ് വായനശാല ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തോടുതന്നെ വിലയ്ക്ക് വാങ്ങിയ രണ്ടു സെന്റ് സ്ഥലംകൂടി ചേര്‍ത്ത് 1954ല്‍ നാട്ടുകാരുടെ സംഭാവന സ്വീകരിച്ച് ആദ്യ കെട്ടിടം പണിതു. പിന്നീട് നാല് ഘട്ടങ്ങളിലായി പുനര്‍നിര്‍മാണം നടത്തി മൂന്നു നിലകളില്‍ 4000 സ്ക്വയര്‍ ഫീറ്റ് കെട്ടിടമുണ്ട്. 30 സെന്റുള്ള കളിസ്ഥലം വായനശാലയ്ക്ക് സ്വന്തമായിട്ടുണ്ട്.
കായികരംഗത്ത് നിരവധി പ്രതിഭകള്‍ ഉയര്‍ന്നുവന്നതില്‍ ഈ കളിക്കളത്തിന് പങ്കുണ്ട്. വര്‍ഷങ്ങളായി വായനശാലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കരിയര്‍ ഗൈഡന്‍സ് സെന്റര്‍ നാട്ടില്‍നിന്നു നിരവധിയാളുകള്‍ക്ക് വിവിധ മേഖലകളില്‍ ജോലി നേടിക്കൊടുക്കുവാന്‍ സഹായിച്ചു. സൗജന്യ പിഎസ്സി പരിശീലനം സെന്ററില്‍ വിജയകരമായി നടന്നുവരുന്നു.
മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലൈബ്രറിക്ക് ലഭ്യമായിട്ടുണ്ട്. വായനശാലയില്‍ കലാസംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടന്നുവരുന്നു. ബാലവേദി, വനിതാവേദി, യുവജനവേദി, ഗുരുജനവേദി എന്നിവ സജീവമാണ്. വനിതകളുടെ കൈകൊട്ടിക്കളി, തിരുവാതിര സംഘം, യുവാക്കളുടെ രക്തദാനസംഘം എന്നിവയുമുണ്ട്.
കുട്ടികള്‍ക്ക് അവധിക്കാല പരിപാടികള്‍, കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെട്ട നാടകസംഘം, അമ്പത് കുട്ടികളുള്ള കരാട്ടെ ക്ലാസ് എന്നിവയുമുണ്ട്. എല്ലാരും പാടുന്നു എന്ന പേരില്‍ നടന്നുവരുന്ന പ്രതിമാസ സംഗീതപരിപാടി 50 വേദികള്‍ പിന്നിട്ടു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സായം പ്രഭാ ഹോം വായനശാല ഗുരുജനവേദിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നു.