അപകടാവസ്ഥയിലുള്ള കെട്ടിടഭാഗം ഇടിഞ്ഞുവീണു
1568655
Thursday, June 19, 2025 6:58 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ ടൗണിൽ റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. എംസി റോഡിൽനിന്ന് പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ജീർണാവസ്ഥയിൽനിന്നിരുന്ന കെട്ടിടത്തിന്റെ ഭാഗമാണ് ഇന്നലെ കനത്തമഴയിൽ ഇടിഞ്ഞുവീണത്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ, ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം, ക്രിസ്തുരാജ പള്ളി എന്നിവിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കുമുള്ള വഴിയിലാണ് കെട്ടിടാവശിഷ്ടം കിടക്കുന്നത്.
വർഷങ്ങളായി ജീർണാവസ്ഥയിലായ കെട്ടിടത്തിൽ പാഴ്മരം വളർന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇക്കാര്യം മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ ബന്ധപ്പെട്ട അധികൃതർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
നാട്ടുകാർ നഗരസഭാ അധികൃതർക്കും റവന്യു അധികൃതർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ല. അപകടാവസ്ഥയിലായ കെട്ടിടം പൂർണമായും പൊളിച്ചുനീക്കി അപകടഭീഷണി ഒഴിവാക്കണമെന്ന് ഇതുവഴി യാത്ര ചെയ്യുന്ന വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ആവശ്യപ്പെടുന്നു.