വ്യാപാര സ്ഥാപനങ്ങൾക്കും വഴിയാത്രികർക്കും ഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കണം
1568656
Thursday, June 19, 2025 7:15 AM IST
തലയാഴം: വൈക്കം- വെച്ചൂർ റോഡിൽ ഉല്ലല വല്ലയിൽ പാലത്തിന്റെ സമീപറോഡിൽ നിൽക്കുന്ന വൻമരങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയാകുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടത്തെ ഒരു വൻമരത്തിന്റെ വലിയ ശാഖ കാറ്റിൽ ചീന്തി കാറിനു മീതേക്ക് വീണപ്പോൾ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മഴയും കാറ്റും ശക്തമായതോടെ വൻ മരങ്ങളുടെ ശാഖകൾ ഒടിഞ്ഞ് വൈദ്യുത ലൈനിൽ വീണ് വൈദ്യുതി തടസപ്പെടുന്നത് പതിവാകുകയാണ്. മരച്ചില്ലകൾ പലതവണ ഒടിഞ്ഞു വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂരയിൽ വീണതിനെത്തുടർന്ന് വ്യാപാരികൾക്ക് അറ്റകുറ്റപ്പണിയും ചെയ്യേണ്ടിവരുന്നു.
വ്യാപാരികൾക്കും വഴിയാത്രികർക്കും അപകട ഭീഷണിയായ വൻമരങ്ങൾ വെട്ടിനീക്കുകയോ വലിയ ശാഖകൾ മുറിച്ചു നീക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും തുടർ നടപടി ഉണ്ടായില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
മരങ്ങൾ വെട്ടിമാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.