സ്കൂളുകളില്‍ കുടുംബശ്രീ കഫേ വരുന്നു
1568717
Friday, June 20, 2025 12:20 AM IST
കോട്ടയം: ജില്ലയിലെ സ്കൂളുകളില്‍ കുടുംബശ്രീ കഫേകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. വിദ്യാര്‍ഥികളുടെ സ്കൂളിനു പുറത്തേക്കുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് കഫേകള്‍ ആരംഭിക്കുന്നത്.
ആദ്യഘട്ടത്തില്‍ കഫേ ആരംഭിക്കാന്‍ സാധിക്കുന്ന എയ്ഡഡ്, ആണ് എയ്ഡഡ് സ്കൂളുകളുടെ വിവരങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ശേഖരിച്ചുവരികയാണ്.
വിവരശേഖരണം പൂര്‍ത്തിയാക്കിയശേഷം ഭൗതിക സാഹചര്യങ്ങളും ചുറ്റുപാടുകളും അനുയോജ്യമായ വിദ്യാലയങ്ങളില്‍ ജൂലൈ ആദ്യവാരത്തില്‍ തന്നെ കഫേകള്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രഭാതഭക്ഷണം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് കഫേയില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ ഭക്ഷണം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഒരു കഫേയില്‍ രണ്ടു കുടുംബശ്രീ അംഗങ്ങള്‍ക്കു ജോലി ലഭിക്കുകയും ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് ജങ്ക് ഫുഡ് ഉള്‍പ്പെടെ അനാരോഗ്യ ഭക്ഷണശീലം ഒഴിവാക്കി പോഷക സമ്പൂര്‍ണമായ ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിലക്കുറവില്‍ നല്‍കും. സ്കൂള്‍ സ്റ്റേഷനറി വസ്തുക്കള്‍, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയവയും കഫേയിലൂടെ ലഭ്യമാക്കും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ അനുവദിച്ചുമാണ് മൂലധനം കണ്ടെത്തുന്നത്.
കഫേ പദ്ധതി നടപ്പാക്കുന്നതിലൂടെ ഒരേസമയം വിദ്യാര്‍ഥികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പ്രയോജനമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടുപേരുള്ള കഫേയില്‍ ഒരാള്‍ക്ക് പതിനായിരം രൂപയെങ്കിലും വരുമാനം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂളുകള്‍ അനുവദിക്കുന്ന സ്ഥലത്ത് ഫര്‍ണിഷിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയാണ് ചെയ്യുന്നത്.