എംസി റോഡിന്റെ ശോച്യാവസ്ഥ : ഏറ്റുമാനൂരിൽ ഇന്ന് പ്രതിഷേധം
1569181
Saturday, June 21, 2025 6:57 AM IST
ഏറ്റുമാനൂർ: പ്രധാന റോഡായ എംസി റോഡ് ആകെ തകർന്നു. റോഡിലുടനീളം കുഴികൾ രൂപപ്പെട്ടു. പലയിടത്തും റോഡ് പിളർന്ന നിലയിലാണ്. മഴ കനത്തതോടെ വാഹനയാത്രക്കാരുടെ ദുരിതം ഇരട്ടിച്ചു. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. കുഴി ഒഴിവാക്കുന്നതിനുള്ള ശ്രമത്തിനിടെ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളുടെ മുന്നിൽപ്പെടുന്നത് അപകട ഭീഷണി വർധിപ്പിക്കുന്നു.
പോസ്റ്റ് ഓഫീസിനു സമീപം കലുങ്കിനോടു ചേർന്ന് ഉണ്ടായ കുഴി ദീർഘനാളത്തെ പരാതികൾക്കൊടുവിൽ ആഴ്ചകൾക്കു മുമ്പ് താത്കാലികമായി അടച്ചിരുന്നു. കുഴിയടച്ച ഭാഗത്ത് ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ വീണ്ടും കുഴി രൂപപ്പെട്ടിരിക്കുന്നു.
എംസി റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ചിന് നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിക്കും.