ചാരായവാറ്റ് കേന്ദ്രങ്ങൾ സജീവമാകുന്നു; ലക്ഷ്യം ഓണവിപണി
1583370
Tuesday, August 12, 2025 10:46 PM IST
മുണ്ടക്കയം: മലയോര മേഖലയിൽ ഓണവിപണി ലക്ഷ്യമാക്കി ചാരായവാറ്റ് കേന്ദ്രങ്ങൾ സജീവമാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ വിവിധ ഇടങ്ങളിൽ പോലീസും എക്സൈസും നടത്തിയ പരിശോധനയിൽ 500 ലിറ്ററോളം കോട പിടികൂടി നശിപ്പിച്ചു.
ഇന്നലെ കാഞ്ഞിരപ്പള്ളി എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽനിന്ന് 300 ലിറ്ററിലധികം കോട പിടികൂടി നശിപ്പിച്ചു. ഉരുൾപൊട്ടലിനെത്തുടർന്ന് ജനവാസം കുറവായ പ്ലാപ്പള്ളി മേഖല കേന്ദ്രീകരിച്ച് ചാരായവാറ്റ് നടക്കുന്നുണ്ടെന്ന് എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസർമാരായ ഇ.സി. അരുൺകുമാർ, കെ.എൻ. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, കെ.വി. വിശാഖ്, ടി.എസ്. രതീഷ്, രമേഷ് കെ. രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് വാഷ് കണ്ടെത്തിയത്. ഓണവിപണി ലക്ഷ്യമാക്കി ചാരായം നിർമിക്കാൻ ഒരുക്കിവച്ചിരുന്ന കോടയാണ് പിടികൂടിയതെന്നും മേഖലയിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ആളൊഴിഞ്ഞ മേഖലയിൽനിന്ന് 200 ലിറ്ററോളം കോട പോലീസ് പിടികൂടി നശിപ്പിച്ചിരുന്നു. വന്യമൃഗശല്യവും പ്രകൃതിദുരന്തങ്ങൾ മൂലവും ആളൊഴിഞ്ഞ മേഖലകൾ കേന്ദ്രീകരിച്ചാണ് ചാരായവാറ്റ് സംഘങ്ങൾ മലയോര മേഖലയിൽ സജീവമാകുന്നത്.